ബാര്‍കോഴ: മന്ത്രി ബാബുവിനു നേരെ വീണ്ടും കരിങ്കൊടി പ്രതിഷേധം

വര്‍ക്കല: മന്ത്രി കെ ബാബുവിനെതിരേ വര്‍ക്കലയിലും കരിങ്കൊടിപ്രതിഷേധം. ഡിവൈഎഫ്‌ഐ, സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പോലിസ് ഇടപെട്ട് പ്രതിഷേധക്കാരെ തടഞ്ഞു.
ബാര്‍ കോഴക്കേസില്‍ ഹൈക്കോടതി പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. വെട്ടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി നിര്‍മിക്കുന്ന ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനത്തിന് ഇന്നലെ രാവിലെ എത്തിയപ്പോഴാണ് താഴെവെട്ടൂര്‍ ജങ്ഷനില്‍ സംഘടിച്ചുനിന്ന പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ കരിങ്കൊടി കാണിച്ച് തടയാന്‍ ശ്രമിച്ചത്. മന്ത്രിയുടെ വാഹനം എത്തിയപ്പോള്‍ ഓടിയടുത്ത പ്രവര്‍ത്തകര്‍ കരിങ്കൊടി വീശുകയായിരുന്നു. തുടര്‍ന്ന് പ്രതിഷേധക്കാരും പോലിസും തമ്മില്‍ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. ലാത്തിവീശിയും പ്രതിഷേധക്കാരെ തള്ളിനീക്കിയും മന്ത്രിയുടെ വാഹനത്തിന് പോലിസ് സുരക്ഷാവലയം തീര്‍ത്തെങ്കിലും പ്രതിഷേധക്കാര്‍ കാറിന് പിന്നാലെ ഓടിയത് സംഘര്‍ഷസാധ്യത വര്‍ധിപ്പിച്ചു.
സിപിഎം ഏരിയാ കമ്മിറ്റി സെക്രട്ടറി അഡ്വ. എസ് ഷാജഹാന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ യൂസഫ്, വര്‍ക്കല നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിന്ദു ഹരിദാസ്, വൈസ് ചെയര്‍മാന്‍ അനീജോ, കൗണ്‍സിലര്‍മാരായ ഗീതാ ഹേമചന്ദ്രന്‍, ഉണ്ണികൃഷ്ണന്‍, സജിത്ത് റോയി, രാജി സുനില്‍, ശുഭാ ഭദ്രന്‍, സജ്‌നു സലാം, വെട്ടൂര്‍ സുഗതന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സ്ഥലത്ത് ഡിവൈഎസ്പി സുഗതന്റെ നേതൃത്വത്തില്‍ വന്‍ പോലിസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. പോലിസിന്റെ ഇടപെടലിനെത്തുടര്‍ന്ന് പ്രതിഷേധക്കാര്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങ് ബഹിഷ്‌കരിച്ചാണു പിന്‍മാറിയത്.
Next Story

RELATED STORIES

Share it