kannur local

ബാരാപോള്‍ പദ്ധതി: കച്ചേരിക്കടവ്-പാലത്തിന്‍കടവ് റോഡ് നവീകരണം തുടങ്ങി

ഇരിട്ടി: ബാരാപോള്‍ പദ്ധതി പ്രദേശത്തുകൂടി കടന്നുപോവുന്ന കച്ചേരിക്കടവ്-പാലത്തിന്‍കടവ് റോഡിന്റെ നവീകരണ പ്രവൃത്തി തുടങ്ങി. പൊതുമരാമത്ത് വകുപ്പ് കെഎസ്ഇബിക്ക് വിട്ടുകൊടുത്ത മൂന്നു കിലോമീറ്റര്‍ റോഡാണ് ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കുന്നത്. റോഡ് തകര്‍ച്ചയ്‌ക്കെതിരേ നാട്ടുകാര്‍ നടത്തിയ പ്രതിഷേധമാണു ഫലം കണ്ടത്.
അഞ്ചു കിലോമീറ്റര്‍ വരുന്ന റോഡില്‍ ബാരാപോള്‍ പദ്ധതിപ്രദേശത്തു കൂടി കടന്നുപോകുന്ന മൂന്ന് കിലോമീറ്റര്‍ ഭാഗം നവീകരിക്കില്ലെന്ന നിലപാടിലായിരുന്നു പൊതുമരാമത്ത് വകുപ്പ്.
പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് റോഡ് തകര്‍ന്നതെന്നും അറ്റകുറ്റപ്പണി കെഎസ്ഇബിയുടെ ചെലവില്‍ തന്നെ നടത്തണമെന്നുമായിരുന്നു ഇവരുടെ വാദം. റോഡ് പൂര്‍ണമായും തകര്‍ന്ന് കാല്‍നടയാത്രപോലും അസാധ്യമായതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ബാരാപോള്‍ പദ്ധതിയുടെ നിര്‍മാണപ്രവൃത്തി തടഞ്ഞുകൊണ്ട് തന്നെ പ്രതിഷേധിച്ചു. നാട്ടുകാരുമായി നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌നത്തിനു പരിഹാരമുണ്ടായില്ല.
അഡ്വ. സണ്ണി ജോസഫ് ഇടപെട്ട് വകുപ്പുമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ബാരാപോള്‍ പദ്ധതി പ്രദേശത്തുകൂടി കടന്നുപോവുന്ന മൂന്നു കിലോമീറ്റര്‍ റോഡ് ഏറ്റെടുക്കാന്‍ കെഎസ്ഇബി തയ്യാറായി. റോഡ് അധീനതയിലായതോടെ നവീകരണത്തിന് 70 ലക്ഷം രൂപയും അനുവദിച്ചു. ബാരാപോള്‍ പദ്ധതി കമ്മീഷന്‍ ചെയ്യാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. പദ്ധതി പൂര്‍ത്തീകരണത്തോടൊപ്പം റോഡും പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തനങ്ങളാണു പുരോഗമിക്കുന്നത്. കച്ചേരിക്കടവ്, പാലത്തിന്‍കടവ് മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങളാണ് വര്‍ഷങ്ങളായി യാത്രാദുരിതം പേറുന്നത്.
Next Story

RELATED STORIES

Share it