ബാബു വീണ്ടും മന്ത്രിയാകുന്നതില്‍ അപാകതയില്ല: സുധീരന്‍

കൊച്ചി: കെ ബാബു വീണ്ടും മന്ത്രിയാവുന്നതില്‍ അപാകതയില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. ഹൈക്കോടതി വിധി വന്നതിലൂടെ കീഴ്‌ക്കോടതി വിധി അപ്രസക്തമായി. അതോടെ ബാബു രാജി വയ്‌ക്കേണ്ടി വന്ന സാഹചര്യം മാറിയെന്നും വി എം സുധീരന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ബാബു മന്ത്രിസഭയില്‍ തിരിച്ചെത്തുന്നതിനെക്കുറിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. തന്റെ നിലപാട് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ യുഡിഎഫ് യോഗം എടുത്ത തീരുമാനം സ്വാഭാവികമാണെന്നും സുധീരന്‍ പറഞ്ഞു. അക്രമ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സിപിഎം തയ്യാറാവണം. ടി പി ശ്രീനിവാസനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച നടപടി മാപ്പര്‍ഹിക്കുന്നതല്ലെന്നും സുധീരന്‍ പറഞ്ഞു. എസ്എഫ്‌ഐ നേതാവിനെതിരേ നടപടി എടുത്തതു കൊണ്ട് മാത്രം അവസാനിപ്പിക്കാന്‍ കഴിയുന്ന വിഷയമല്ല ഇത്. സംഭവത്തില്‍ പിണറായി വിജയന്റെ ആദ്യപ്രതികരണം സിപിഎമ്മിന്റെ യഥാര്‍ഥ മുഖമാണ് കാണിക്കുന്നത്. മര്‍ദ്ദനം നടന്ന ശേഷം ടി പി ശ്രീനിവാസന്റെ മുറിവില്‍ മുളക് പുരട്ടുംവിധം അദ്ദേഹത്തെ അധിക്ഷേപിക്കാനാണ് പിണറായി വിജയന്‍ ശ്രമിച്ചത്. പ്രതിഷേധിക്കാനും പ്രതികരിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗവേദികളിലെത്തി മന്ത്രിമാര്‍ അടക്കമുള്ളവരെ അധിക്ഷേപിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അരാജകത്വം സൃഷ്ടിച്ച് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുള്ള സിപിഎം ശ്രമം വിലപ്പോവില്ലെന്നും സുധീരന്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് പുതിയ മദ്യനയം കൊണ്ടുവരുമെന്ന പിണറായി വിജയന്റെ പ്രസ്താവന സിപിഎമ്മും മദ്യ മുതലാളിമാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണെന്നും സുധീരന്‍ പറഞ്ഞു. മദ്യനയം തിരുത്താനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അത് കോണ്‍ഗ്രസ് അനുവദിക്കില്ല. ബിജെപിക്ക് വര്‍ഗീയ അസഹിഷ്ണുതയാണെങ്കില്‍ സിപിഎമ്മിന്റേത് രാഷ്ട്രീയ അസഹിഷ്ണുതയാണ്. അതിന് തെളിവാണ് രാഷ്ട്രീയമായി എതിര്‍ക്കുന്നവരെ കൈയേറ്റം ചെയ്യുന്നത്. കെ ബാബുവിനെ തിരിച്ചു കൊണ്ടുവരുന്നതും കെ എം മാണിയെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമവും ഉമ്മന്‍ചാണ്ടിയുടെ സ്വയരക്ഷയ്ക്ക് വേണ്ടിയാണെന്ന പിണറായി വിജയന്റെ പ്രസ്താവന അപഹാസ്യമാണെന്നും സുധീരന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it