ബാബു വീണ്ടും മന്ത്രിക്കസേരയില്‍

തിരുവനന്തപുരം: രാജി പിന്‍വലിച്ച കെ ബാബു മന്ത്രിക്കസേരയില്‍ തിരിച്ചെത്തി. ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം രാവിലെ പത്തരയോടെ ഓഫിസിലെത്തിയ ബാബു ചുമതലകള്‍ ഏറ്റെടുത്തു. ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് മന്ത്രിയെ സ്വീകരിച്ചത്. രാജി പ്രഖ്യാപനത്തിന്റെ ഒമ്പതാംനാളാണ് കെ ബാബു മന്ത്രിസ്ഥാനത്തു തിരികെയെത്തുന്നത്.
തൃശൂര്‍ വിജിലന്‍സ് കോടതി വിധിയെത്തുടര്‍ന്ന് കഴിഞ്ഞ 23ന് ബാബു രാജി പ്രഖ്യാപിച്ചെങ്കിലും രാജിക്കത്ത് ഗവര്‍ണര്‍ക്കു കൈമാറാന്‍ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല. വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതോടെയാണ് ബാബുവിന്റെ തിരിച്ചുവരവിനു കളമൊരുങ്ങിയത്. ഒടുവില്‍ യുഡിഎഫ് യോഗവും രാജിസന്നദ്ധത തള്ളിയതോടെ ബാബു വീണ്ടും മന്ത്രിക്കസേരയിലെത്തുകയായിരുന്നു. മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുവരണമെന്നതു തന്റെ ആഗ്രഹമായിരുന്നില്ലെന്ന് കെ ബാബു പ്രതികരിച്ചു. തനിക്കും സര്‍ക്കാരിനുമെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. സത്യം വൈകാതെ പുറത്തുവരുമെന്നതില്‍ യാതൊരു സംശയവുമില്ല. ഏതന്വേഷണവും നേരിടാന്‍ തയ്യാറാണ്. ഒരന്വേഷണത്തെയും ഭയപ്പെടുന്നില്ല.
ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറന്നുകൊടുക്കാമെന്ന സിപിഎം ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ആരോപണങ്ങള്‍. അല്ലെങ്കില്‍ ഈ ആരോപണങ്ങള്‍ ബിജു രമേശിന് നേരത്തേ ഉന്നയിക്കാമായിരുന്നു. പണം കൊടുത്തതെന്നു പറയുന്നതല്ലാതെ ആര് കൊടുത്തെന്നു പറയുന്നില്ല. തെളിവുകള്‍ ഹാജരാക്കാനും കഴിഞ്ഞിട്ടില്ല. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് സാധ്യതകള്‍ ഇല്ലാതാക്കാന്‍ സിപിഎമ്മും ചില മദ്യമുതലാളിമാരും നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോഴത്തെ ആരോപണങ്ങള്‍. ഇക്കാര്യം ദിനംപ്രതി വ്യക്തമായിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. രമേശ് ചെന്നിത്തലയ്ക്കും വി എസ് ശിവകുമാറിനുമെതിരായ ഇപ്പോഴത്തെ ആരോപണങ്ങളും അടിസ്ഥാനരഹിതമാണ്.
ഈ ആരോപണങ്ങളെ ജനം പുച്ഛിച്ചുതള്ളും. ആരോപണങ്ങളുടെ പേരിലായിരുന്നില്ല തന്റെ രാജി. കോടതി എഫ്‌ഐആര്‍ ഇടാന്‍ നിര്‍ദേശിച്ചപ്പോഴായിരുന്നു രാജിവച്ചത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനമിറക്കുകയാണ് തന്റെ ആദ്യലക്ഷ്യം. ഡയറക്ടര്‍ ജനറല്‍ ഒാഫ് സിവില്‍ ഏവിയേഷന്റെ അനുമതി മൂന്നുദിവസത്തിനകം ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു. അതു ലഭിച്ചാലുടന്‍ പരീക്ഷണപ്പറക്കല്‍ തിയ്യതി പ്രഖ്യാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it