Kerala

ബാബുവിന് കുരുക്ക് മുറുകുന്നു, ബിജുരമേശിന്റെ വാദം ശരിവെച്ച് ബാറുടമ

തൃശൂര്‍:  മന്ത്രി  ബാബുവിന് താന്‍ സെക്രട്ടേറിയേറ്റിലെത്തി അമ്പത് ലക്ഷം രൂപ നല്‍കിയെന്ന ബിജു രമേശിന്റെ അവകാശവാദം ശരിവെച്ച് ബാറുടമ അസോസിയേഷന്‍ തൃശൂര്‍ ജില്ലാസെക്രട്ടറി ജോഷി രംഗത്തെത്തി. ബാറുടമകളില്‍ നിന്ന് പിരിച്ചെടുത്ത പണം ബിജു രമേശ് മന്ത്രി ബാബുവിന് നല്‍കിയെന്ന്് താന്‍ വിജിലന്‍സിന് മൊഴി നല്‍കിയി്ട്ടുണ്ടെന്നും എന്നാലിക്കാര്യം വിജിലന്‍സ് രേഖപ്പെടുത്തിയിട്ടുണ്ടോയെന്നറിയില്ലെന്നും ജോഷി പറഞ്ഞു. പണം നല്‍കിയിട്ടും കാര്യം സാധിക്കാതെ വന്നതോടെ അസോസിയേഷനില്‍ ചര്‍ച്ചയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
താന്‍ തന്നെയാണ് ബാബുവിനു സെക്രട്ടേറിയറ്റിലെ അദ്ദേഹത്തിന്റെ ഓഫിസില്‍ 50 ലക്ഷം രൂപ എത്തിച്ചുനല്‍കിയതെന്നാണ് ബിജു രമേശ് ഇന്നലെ വെളിപ്പെടുത്തിയത്. നേരത്തേയും ബാബുവിനു പണം നല്‍കിയിട്ടുണ്ടെന്നും ബിജു പറഞ്ഞിരുന്നു.ബാബുവിനു 10 കോടി രൂപ നല്‍കാനായി തങ്ങള്‍ പണം പിരിച്ചു. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ 50 ലക്ഷം രൂപ താനും തന്റെ ഓഫിസിലെ ജനറല്‍ മാനേജറും ചേംബറിന്റെ വൈസ് പ്രസിഡന്റായിരുന്ന മുഹമ്മദ് റസീഫും ചേര്‍ന്നാണ് കൊണ്ടുപോയി നല്‍കിയത്. ബാബുവിനെ ഓഫിസില്‍ എത്തി കണ്ട് കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ സെക്രട്ടറി സുരേഷ് പൈ അടുത്ത മുറിയിലുണ്ടെന്നും പണം അദ്ദേഹത്തെ ഏല്‍പിക്കാനും പറഞ്ഞു. പണം ഏല്‍പിച്ചിട്ട് താഴെയെത്തി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ സുരേഷ് പൈ തങ്ങള്‍ കൊടുത്ത പണമടങ്ങിയ ബാഗ് ബാബുവിന്റെ കാറില്‍ കൊണ്ടുവന്നുവയ്ക്കുന്നതും കണ്ടു. ബാക്കിയുള്ള പണം നല്‍കിയിരിക്കുന്നത് പോളക്കുളം കൃഷ്ണദാസ് വഴിയാണെന്നും ബിജു വെളിപ്പെടുത്തിയിരുന്നു.
ബാബുവിനെതിരേ താന്‍ നല്‍കിയ മൊഴി പോലും വേണ്ട രീതിയില്‍ രേഖപ്പെടുത്താന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ തയ്യാറായില്ലെന്നും ബിജു  ആരോപിച്ചിരുന്നു. വിന്‍സന്‍ എം പോളിന്റെ നിര്‍ദേശമുണ്ടെന്നായിരുന്നു ഇതേക്കുറിച്ചന്വേഷിച്ചപ്പോള്‍ മറുപടി ലഭിച്ചതെന്നും ബാബുവിന്റെ വിഷയത്തിലേക്ക് കൂടുതല്‍ കടക്കേണ്ടെന്നാണ് നിര്‍ദേശമെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞതായും ബിജു രമേശ് ആരോപിച്ചിരുന്നു.
Next Story

RELATED STORIES

Share it