ബാബുവിന്റെ രാജി ഒഴിവാക്കാനുള്ള മുഖ്യമന്ത്രിയുടെ അവസാനശ്രമവും പാളി

തിരുവനന്തപുരം: ഹൈക്കോടതിയില്‍നിന്നുണ്ടായ തിരിച്ചടിയിലൂടെ കെ ബാബുവിന്റെ രാജി ഒഴിവാക്കാനുള്ള മുഖ്യമന്ത്രിയുടെ അവസാനവട്ട ശ്രമവും പാളി. വിജിലന്‍സ് കോടതി ഉത്തരവിനെതിരേ ഹൈക്കോടതിയില്‍നിന്ന് സ്‌റ്റേ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബാബുവിന്റെ രാജി ഗവര്‍ണര്‍ക്ക് കൈമാറുന്നത് മുഖ്യമന്ത്രി വൈകിപ്പിച്ചത്. എന്നാല്‍, നീക്കങ്ങളെല്ലാം പരാജയപ്പെട്ടതോടെ സര്‍ക്കാരിന് വലിയ പ്രഹരമാണ് ഹൈക്കോടതിയില്‍നിന്ന് ലഭിച്ചത്. ഇതോടെ ബാബുവിന് പുറത്തേക്കുള്ള വഴിയും തെളിഞ്ഞു.
ആഭ്യന്തരവകുപ്പില്‍ വിശദമായ ചര്‍ച്ചകളില്ലാതെയാണ് സ്റ്റേ ആവശ്യം ഉന്നയിച്ചതെന്നാണ് വിമര്‍ശനം. കെ എം മാണിയുടെ രാജിക്കത്ത് ലഭിച്ച രാത്രി തന്നെ സ്വീകരിച്ച് ഗവര്‍ണറുടെ പരിഗണനയ്ക്കായി രാജ്ഭവനിലേക്ക് കൈമാറിയിരുന്നു. രണ്ടുദിവസമായിട്ടും ബാബുവിന്റെ കത്തില്‍ തീരുമാനവുമെടുക്കാതിരുന്നത് ഹൈക്കോടതിയില്‍നിന്ന് ഒരു അനുകൂല തീരുമാനം പ്രതീക്ഷിച്ചാണെന്ന് വ്യക്തം.
ബാര്‍കോഴയില്‍ സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് വി എസ് സുനില്‍കുമാര്‍ നല്‍കിയ ഹരജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നതിനിടെയാണ് അഡ്വക്കറ്റ് ജനറല്‍ വിജിലന്‍സ് കോടതി ഉത്തരവിന് സ്റ്റേ ആവശ്യപ്പെട്ടത്. പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് പറഞ്ഞിട്ടും പ്രത്യേക ഹരജി ഇന്നലെതന്നെ നല്‍കി. ഉച്ചയ്ക്കുശേഷം പരിഗണിച്ച് ഇത് തള്ളിയപ്പോള്‍ കെ ബാബു നല്‍കിയ ഹരജി വിളിച്ചുവരുത്തി പരിഗണിക്കണമെന്ന ആവശ്യം ഉന്നയിച്ചു. ഇന്ന് കോടതി അവധിയാണെന്നുകൂടി കണക്കിലെടുത്ത് ഇന്നലെതന്നെ ധൃതിപിടിച്ച് ഉത്തരവ് സമ്പാദിക്കുകയായിരുന്നു ലക്ഷ്യം.
അതിവേഗം തീരുമാനമെന്ന ആവശ്യം കോടതിയില്‍ നടക്കാതെ പോയതോടെ ബാബുവിനെ ഇനി എങ്ങനെ സംരക്ഷിച്ച് നിര്‍ത്തുമെന്നതാണ് ഉയരുന്ന ചോദ്യം. അതേസമയം, സ്റ്റേ ആവശ്യം ഉന്നയിച്ചതും ബാബുവിന്റെ രാജിയും തമ്മില്‍ ബന്ധമില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ വിശദീകരണം. ബാബുവിന്റെ രാജി സ്വീകരിച്ചിട്ടില്ലെങ്കിലും അദ്ദേഹം ഔദ്യോഗികവസതി ഒഴിയാന്‍ കത്ത് നല്‍കിയിട്ടുണ്ട്. എംഎല്‍എ ഹോസ്റ്റലില്‍ മുറി അനുവദിക്കണമെന്നാവശ്യപ്പെട്ട് നിയമസഭാ സെക്രട്ടേറിയറ്റിനും കത്ത് നല്‍കിയിട്ടുണ്ട്. കെ ബാബു രാജിവച്ചെങ്കിലും അദ്ദേഹത്തിനെതിരായ അന്വേഷണം സ്റ്റേ ചെയ്താല്‍ കുറ്റം ചെയ്യാതെ പുറത്ത് പോവേണ്ടിവന്നു എന്ന പ്രതീതിയെങ്കിലും സൃഷ്ടിക്കാമെന്നായിരുന്നു ഗ്രൂപ്പ് നേതാക്കളുടെ കണക്കുകൂട്ടല്‍.
അതേസമയം, ബാബുവിന്റെ കേസില്‍ വിജിലന്‍സ് മനപ്പൂര്‍വം വീഴ്ചവരുത്തിയെന്ന പരാതി എ ഗ്രൂപ്പ് നേതാക്കള്‍ പരസ്യമായി ഉന്നയിച്ചുതുടങ്ങിയിട്ടുണ്ട്. ബാബുവിനെതിരേ കോടതി യാതൊരു വിധിയും പുറപ്പെടുവിച്ചിട്ടില്ലെന്നും വിജിലന്‍സ് കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനാലാണ് കോടതി വിമര്‍ശനമുണ്ടായതെന്നും എ ഗ്രൂപ്പിലെ പ്രമുഖനായ എം എം ഹസന്‍ ഇന്നലെ വാര്‍ത്താക്കുറിപ്പിലൂടെ ഒളിയമ്പെയ്തിരുന്നു.
Next Story

RELATED STORIES

Share it