ബാബുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം നല്‍കും

തിരുവനന്തപുരം: വയനാട് ബാണാസുര അണക്കെട്ടിന്റെ റിസര്‍വോയറില്‍ വീണയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മുങ്ങിമരിച്ച ആദിവാസി യുവാവ് ബാബുവിന്റെ കുടുംബത്തിന് പത്തു ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. അപകടത്തില്‍ മരിച്ച ചെന്നലോട് പത്തായക്കോട് മമ്മുട്ടിയുടെ മകന്‍ റഊഫിന്റെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും നല്‍കും. എം വി ശ്രേയാംസ് കുമാര്‍ എംഎല്‍എ നല്‍കിയ നിവേദനത്തെ തുടര്‍ന്നാണു നടപടി.
അതെസമയം ബാണാസുരസാഗര്‍ അണക്കെട്ടില്‍ യുവാവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട ബാബുവിന്റെ കുടുംബത്തിന് ചുരുങ്ങിയത് 15 ലക്ഷം രൂപയെങ്കിലും ധനസഹായം നല്‍കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. ബാബുവിന്റെ കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ജോലി നല്‍കണമെന്നും വിഎസ് ആവശ്യപ്പെട്ടു.
കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ജീവന്‍ നഷ്ടപ്പെട്ട നൗഷാദ് നടത്തിയതുപോലുള്ള ധീരവും മനുഷ്യസ്‌നേഹപരവുമായ പ്രവര്‍ത്തനമാണ് ബാബു നടത്തിയത്. ബാബുവിന്റെ ജീവന്‍ പൊലിഞ്ഞതോടെ അദ്ദേഹത്തിന്റെ മാതാപിതാക്കളും മൂന്ന് ഇളയ സഹോദരിമാരും ഒരു സഹോദരനും അടങ്ങുന്ന കുടുംബം അനാഥമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബാബുവിന്റെ കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ജോലി നല്‍കണമെന്നത് അനിവാര്യമായിരിക്കുകയാണ്. വെള്ളക്കെട്ടില്‍ മുങ്ങിമരിച്ച റഊഫിന്റെ കുടുംബത്തിനും ന്യായമായ നഷ്ടപരിഹാരം അടിയന്തരമായി നല്‍കണമെന്നും വിഎസ് അച്യുതാനന്ദന്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
അതെസമയം ബാബുവിനെ ധീരനായി പരിഗണിച്ച് ബാബുവിന്റെ കുടുംബത്തിന് അര്‍ഹമായ സഹായവും ആദരവും നല്‍കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ബിടെക് ബിരുദധാരിയായ റൗഫ് അണക്കെട്ടിനു സമീപത്തെ ആഴക്കെട്ടില്‍ കുളിക്കാന്‍ ഇറങ്ങുമ്പോള്‍ മുങ്ങിത്താഴുന്നതു കണ്ടാണ് ബാബു രക്ഷിക്കാനെത്തിയത്. മറ്റുള്ളവര്‍ വിലക്കിയിട്ടും അത് അവഗണിച്ച് സഹജീവിയുടെ ജീവന്‍ രക്ഷിക്കാന്‍ വെള്ളത്തിലേക്ക് ചാടുകയായിരുന്നു ബാബു.
മൂന്ന് ഇളയ സഹോദരിമാരും ഒരു സഹോദരനുമുള്ള നിര്‍ധന കുടുംബമാണ് ബാബുവിന്റേത്. കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ഗള്‍ഫിലേക്ക് പോവാന്‍ തയ്യാറെടുക്കുന്നതിനിടെ അപകടത്തില്‍ മരിച്ച റഊഫിന്റെ കുടുംബത്തിനും സഹായധനം നല്‍കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it