ബാബുവിനെതിരായ വിജിലന്‍സ് വിധി മരവിപ്പിച്ചു

കൊച്ചി: ബാര്‍ കോഴക്കേസില്‍ കെ ബാബുവിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് രണ്ടുമാസത്തേക്ക് ഹൈക്കോടതി തടഞ്ഞു. വിജിലന്‍സ് കോടതി നടപടി അനുചിതവും ധൃതിപ്പെട്ടുള്ളതുമാണെന്നും ജസ്റ്റിസ് പി ഉബൈദ് ചൂണ്ടിക്കാട്ടി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലെ വിധി കാക്കാതെയും ദ്രുതാന്വേഷണത്തിന് സാവകാശം അനുവദിക്കാതെയുമാണ് വിജിലന്‍സ് ഉത്തരവ്. ദ്രുതപരിശോധന 10 ദിവസത്തിനകം പൂര്‍ത്തിയാക്കി വിജിലന്‍സ് ഡയറക്ടര്‍ കോടതിക്ക് റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ മാത്രമെത്തിയ കേസില്‍ കോടതിനിരീക്ഷണത്തോടെയുള്ള അന്വേഷണത്തിന് ഉത്തരവിട്ട നടപടി പരിധിവിട്ടതാണെന്നു ചൂണ്ടിക്കാട്ടി കെ ബാബു സമര്‍പ്പിച്ച ഹരജിയിലാണു നടപടി. അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പ് പ്രാഥമികാന്വേഷണ റിപോര്‍ട്ട് വേണമെന്ന ചട്ടം കോടതി പാലിച്ചിട്ടില്ലെന്നും അതിനാല്‍ ഉത്തരവ് റദ്ദാക്കണമെന്നും ഹരജിക്കാരന്‍ പറയുന്നു.

ബിജു രമേശിനെതിരേ ദ്രുതാന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. അന്വേഷണ വേളയില്‍ തെളിവുകള്‍ ശേഖരിക്കുന്നതിന് പരിമിതിയുണ്ട്. അഴിമതി നിരോധന നിയമപ്രകാരം എങ്ങനെ, എപ്പോള്‍, എവിടെ വച്ച്, ആരില്‍നിന്ന് പണം വാങ്ങി തുടങ്ങിയ വിശദാംശങ്ങള്‍ പരിഗണിക്കണം. പരാതിയെ തുടര്‍ന്ന് വിജിലന്‍സ് കോടതി ഡിസംബര്‍ ഒമ്പതിന് ദ്രുതാന്വേഷണത്തിന് ഉത്തരവിട്ടതാണ്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ വൈകിയതിനാല്‍ 23ന് കേസ് പരിഗണിക്കവെ വിജിലന്‍സ് ഡയറക്ടര്‍ കൂടുതല്‍ സമയം തേടി. നേരത്തേ പ്രാഥമികാന്വേഷണം നടത്തി സമര്‍പ്പിച്ച റിപോര്‍ട്ടിന്റെ അംഗീകാരം സംബന്ധിച്ച വിഷയവും സിബിഐ അന്വേഷണ ആവശ്യത്തിനൊപ്പം ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലുണ്ട്. ഈ ഘട്ടത്തില്‍ ഹൈക്കോടതി ഉത്തരവിനു കാത്തിരിക്കലായിരുന്നു ജുഡീഷ്യല്‍ മര്യാദ. അതിനാല്‍ വിജിലന്‍സ് കോടതി നടപടി സംബന്ധിച്ച ഹരജിക്കാരന്റെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കരുതേണ്ടതാണെന്നും കോടതി അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it