ബാബുവിനെതിരായ അന്വേഷണം അട്ടിമറിച്ചെന്ന് ആരോപണം

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരായ അന്വേഷണം അട്ടിമറിച്ചതായി ആരോപണം. അന്വേഷണച്ചുമതലയുണ്ടായിരുന്ന എഡിജിപി ജേക്കബ് തോമസിനെ ധൃതിപിടിച്ച് മാറ്റിയത് അട്ടിമറിയുടെ ഭാഗമായാണെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് മന്ത്രിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാമെന്ന് ജേക്കബ് തോമസ് നിലപാട് സ്വീകരിച്ചതായാണ് വിവരം.
അതേസമയം, തനിക്കെതിരായ ആരോപണങ്ങള്‍ മന്ത്രി കെ ബാബു നിഷേധിച്ചു. ജേക്കബ് തോമസ് തന്റെ കീഴില്‍ മൂന്നുവര്‍ഷം പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥനാണ്. അതിനര്‍ഥം തനിക്ക് അദ്ദേഹത്തോട് പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ്. താന്‍ ജേക്കബ് തോമസിനെ മാറ്റാന്‍ ആവശ്യപ്പെട്ടെന്ന ആരോപണം തെറ്റാണെന്നും ബാബു പറഞ്ഞു.
ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ എക്‌സൈസ് മന്ത്രി കെ ബാബുവിന് 10 കോടി രൂപ നല്‍കിയെന്ന ബിജു രമേശിന്റെ രഹസ്യമൊഴിയിലെ ആരോപണം പ്രത്യേകം അന്വേഷിക്കാന്‍ വിജിലന്‍സ് എസ്പി ആര്‍ സുകേശനാണ് ആദ്യം വിജിലന്‍സ് ഡയറക്ടറോട് ആവശ്യപ്പെടുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 29ന് പ്രാഥമികാന്വേഷണം നടത്താന്‍ വിജിലന്‍സ് തീരുമാനമെടുത്തു.
എറണാകുളത്തെ വിജിലന്‍സ് എസ്പി കെ എം ആന്റണിയുടെ യൂനിറ്റിലെ ഡിവൈഎസ്പി എം എന്‍ രമേശായിരുന്നു അന്വേഷണം നടത്തിയത്. ഇതേ കാലയളവില്‍ എറണാകുളം റേഞ്ചടക്കമുള്ള യൂനിറ്റുകളുടെ മേല്‍നോട്ടച്ചുമതല വിജിലന്‍സ് എഡിജിപിയായിരുന്ന ജേക്കബ് തോമസിനായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ പുരോഗതി വിലയിരുത്താന്‍ മെയ് 14ന് എറണാകുളത്ത് എഡിജിപി ഉദ്യോഗസ്ഥതല യോഗം ചേരുകയുമുണ്ടായി. കെ ബാബുവിനെതിരായ അന്വേഷണത്തിന്റെ മേല്‍നോട്ടം തനിക്കാണെന്നും എറണാകുളം റേഞ്ചിലെ കേസുകളുടെ പുരോഗതി വിലയിരുത്താനാണ് വന്നതെന്നും അന്ന് ജേക്കബ് തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
പ്രാഥമികാന്വേഷണത്തിന്റെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ മന്ത്രി കെ ബാബുവിനെതിരേ കേസെടുക്കാമെന്ന നിലപാടായിരുന്നു എഡിജിപി കൈക്കൊണ്ടിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥരോട് ഇതുമായി ബന്ധപ്പെട്ട് എഡിജിപി ആശയവിനിമയം നടത്തിയിരുന്നതായാണ് സൂചന.
എന്നാല്‍, പ്രാഥമികാന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ വിജിലന്‍സ് എഡിജിപി ആയിരുന്ന ജേക്കബ് തോമസിനെ ഡിജിപി റാങ്ക് നല്‍കി ധൃതിപിടിച്ച് അഗ്നിശമന സേനയുടെ തലപ്പത്തേക്ക് മാറ്റിയതാണ് വിവാദത്തിന് വഴിവച്ചത്. മെയ് 31ന് ജേക്കബ് തോമസ് വിജിലന്‍സില്‍നിന്ന് ഒഴിയുകയും ജൂണ്‍ ആറിന് കെ ബാബുവിനെതിരേ കേസെടുക്കാന്‍ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് ഡിവൈഎസ്പി റിപോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. കെ എം മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍നിന്ന് ജേക്കബ് തോമസിനെ മാറ്റിയെന്ന വിവാദമുയര്‍ന്നപ്പോള്‍ എഡിജിപിക്ക് കേസിന്റെ ചുമതലയില്ലെന്നായിരുന്നു ആഭ്യന്തരവകുപ്പിന്റെ വാദം.
അതേസമയം, തൃശൂര്‍ എക്‌സൈസ് അക്കാദമിയിലെ പരിപാടി കെ ബാബു റദ്ദാക്കി. അക്കാദമിയില്‍ നടക്കുന്ന പാസിങ് ഔട്ട് പരേഡിലെ മുഖ്യാതിഥിയായിരുന്നു മന്ത്രി.
ബാര്‍കോഴക്കേസില്‍ ആരോപണ വിധേയനായ ബാബുവിനെതിരേ ഇടതുപക്ഷ സംഘടനകള്‍ സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മന്ത്രി പരിപാടി റദ്ദാക്കിയത്.
Next Story

RELATED STORIES

Share it