wayanad local

ബാബുവിനും റഊഫിനും കണ്ണീരോടെ വിട

മാനന്തവാടി: വെള്ളക്കെട്ടിലകപ്പെട്ട് അകാലത്തില്‍ പൊലിഞ്ഞ ബാബു(26)വിനും റഊഫി(25)നും നാട്ടുകാരും ബന്ധുക്കളും കണ്ണീരോടെ വിട നല്‍കി. ബുധനാഴ്ച വൈകീട്ട് ബാണാസുരസാഗര്‍ ഡാം റിസര്‍വോയറിയില്‍പ്പെട്ട തരിയോട് 13ാംമൈലിലെ വെള്ളക്കെട്ടില്‍ കുളിക്കുന്നതിനിടെയായിരുന്നു ചെന്നലോട് പത്തായകോടന്‍ മമ്മൂട്ടി-നബീസ ദമ്പതികളുടെ മകന്‍ റഊഫ് അപകടത്തില്‍പ്പെട്ടത്.
നീന്തുന്നതിനിടെ എട്ടു മീറ്ററോളം താഴ്ചയുള്ള കുഴിയില്‍ റഊഫ് അകപ്പെടുകയായിരുന്നു. തൊട്ടടുത്ത പണിസ്ഥലത്ത് എക്‌സ്‌കവേറ്റര്‍ സഹായിയായി ജോലി ചെയ്യുകയായിരുന്ന പന്തിപ്പൊയില്‍ ബപ്പനം അംബേദ്കര്‍ കോളനിയിലെ വാസു-അനിത ദമ്പതികളുടെ മകന്‍ ബാബു കൂടുതലൊന്നും ചിന്തിക്കാതെ വെള്ളത്തിലേക്ക് എടുത്തുചാടി. 20 മീറ്ററോളം നീന്തിയ ശേഷം റഊഫിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബാബുവും വെള്ളത്തില്‍ മുങ്ങിപ്പോയത്.
തുടര്‍ന്ന് നാട്ടുകാര്‍ പോലിസിലും ഫയര്‍ഫോഴ്‌സിലും വിവരമറിയിക്കുകയും തിരച്ചില്‍ നടത്തുകയും ചെയ്തു. ആറോടെ സ്ഥലത്തെത്തിയ കല്‍പ്പറ്റ തുര്‍ക്കി ജീവന്‍രക്ഷാ സമിതി പ്രവര്‍ത്തകരാണ് ബാബുവിന്റെ മൃതദേഹം കണ്ടെടുത്തത്.
തിരച്ചിലിനൊടുവില്‍ ഇന്നലെ രാവിലെ 10.30ഓടെ റൗഫിന്റെ മൃതദേഹം നാട്ടുകാരനായ പയ്യാറ അസീസിന്റെ കൈകളില്‍ തടഞ്ഞു. തുടര്‍ന്ന് വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം രണ്ടു പേരുടെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ വിട്ടുകൊടുത്തു. ഉച്ചയ്ക്ക് ഒരുമണിയോടെ ബാബുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. അന്തിമോപചാരമര്‍പ്പിക്കാന്‍ നിരവധി പേരാണ് ഇവിടെയെത്തിയത്.
മൂന്നോടെ വീടിനടുത്ത ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിച്ചു. റഊഫിന്റെ മൃതദേഹം മൂന്നോടെ വീട്ടിലെത്തിച്ചു. ചടങ്ങുകള്‍ക്കു ശേഷം ചെന്നലോട് വലിയപള്ളി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അസ്മത്ത്, തരിയോട്, പടിഞ്ഞാറത്തറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാര്‍, വൈത്തിരി തഹസില്‍ദാര്‍, മറ്റ് റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങി നിരവധി പേര്‍ ഇരു വീടുകളിലുമെത്തി അന്തിമോപചാരമര്‍പ്പിച്ചു.
Next Story

RELATED STORIES

Share it