Fortnightly

ബാബര്‍ പഠിപ്പിച്ച പാഠം

ബാബര്‍ പഠിപ്പിച്ച പാഠം
X
കഥ

ഹാദി പാടൂര്‍ 

ബാബര്‍ ചക്രവര്‍ത്തിയോട് കടുത്ത അമര്‍ഷവും അസൂയയുമായിരുന്നു രജപുത്രന്മാര്‍ക്ക്. ബാബറെ ഏതു വിധേനയെങ്കിലും കൊലപ്പെടുത്തണമെന്ന് നിശ്ചയിച്ചുറച്ച് ഒരിക്കല്‍ ഒരു രജപുത്രയുവാവ് ഡല്‍ഹിക്ക് പുറപ്പെട്ടു. തന്റെ പ്രജകളുടെ സ്ഥിതിഗതികള്‍ നേരില്‍ കണ്ടറിയാന്‍ ഡല്‍ഹിയുടെ തെരുവുകളില്‍ കറങ്ങിത്തിരിയുമ്പോള്‍ ബാബറെ വധിക്കാന്‍ എളുപ്പമായിരിക്കുമെന്ന് ആ യുവാവ് കരുതി. വേഷം മാറിയെത്തുന്ന ചക്രവര്‍ത്തിയെ തിരിച്ചറിയുക അത്ര എളുപ്പമായിരുന്നില്ല. ബാബര്‍ വരാന്‍ സാധ്യതയുള്ള ഒരു തെരുവില്‍ രജപുത്രയുവാവ് കാത്തുനിന്നു. അതുവഴി കടന്നു പോകുന്ന ഓരോരുത്തരെയും അയാള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരുന്നു.

babarഅതിനിടയില്‍ തെരുവിന്റെ ഒരറ്റത്ത്‌നിന്നും ജനങ്ങള്‍ ഒച്ചവെയ്ക്കുന്നത് അയാള്‍ കണ്ടു. മദം പൊട്ടിയ ഒരു കൊമ്പനാന ആ തെരുവിലൂടെ ഓടിവരുന്നു. പ്രാണരക്ഷാര്‍ഥം ജനങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും പായുകയാണ്. ആനയുടെ തൊട്ടുമുമ്പിലായതാ ഒരു പിഞ്ചുബാലന്‍. ആ കൈകുഞ്ഞ് ആനയുടെ ചവിട്ടേറ്റ് ഞെരിഞ്ഞമരാന്‍ പോവുകയാണ്.
''ആരെങ്കിലും ആ കുഞ്ഞിനെ രക്ഷപ്പെടുത്തൂ''.…ഒരു യാത്രക്കാരന്‍ നിലവിളിച്ചു.
'ആരാണ് തന്റെ വിലപ്പെട്ട ജീവന്‍ ഈ കുഞ്ഞിനായി ബലികൊടുക്കുക?' രണ്ടാമതൊരാള്‍ ഇങ്ങിനെ ചോദിച്ചു കൊണ്ടിരുന്നു.
ഈ കുഞ്ഞ് ഒരു തോട്ടിയുടെ മകനാണ്. ആരാണിവനെ സ്വന്തം കൈകൊണ്ട് തൊടാന്‍ തയ്യാറാവുക?' മറ്റൊരാള്‍.
മദം പൊട്ടിയ ആന അതാ ആ പൈതലിനരികെ എത്തിക്കഴിഞ്ഞിരിക്കുന്നു. ആന കാല്‍പൊക്കി കുഞ്ഞിനെ ആഞ്ഞുചവിട്ടാന്‍ ഭാവിക്കുകയാണ്. അപ്പോഴേക്കും ധീരനായ ഒരാള്‍ ഓടിയെത്തി കുഞ്ഞിനെ തന്റെ കയ്യിലെടുത്തു. ജനങ്ങള്‍ ആ കാഴ്ച സ്തബ്ധരായി നോക്കിനില്‍ക്കെ പ്രായമുള്ള ഒരാള്‍ ഇങ്ങിനെ വിളിച്ചു പറഞ്ഞു: 'ബാബര്‍ ചക്രവര്‍ത്തി, ബാബര്‍ ചക്രവര്‍ത്തി'.
രജപുത്ര യുവാവിന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. 'സാഹസികനായ ബാബര്‍ ഇത്രമേല്‍ ദയാലുവോ?'അയാള്‍ ബാബറിന്റെ കാല്‍ക്കല്‍ വീണു. ബാബര്‍ ചോദിച്ചു: 'താങ്കള്‍ ആരാണ്, എന്തിനെന്റെ കാല്‍ക്കല്‍ വീഴുന്നു?'

രജപുത്ര യുവാവ് കണ്ണീരൊലിപ്പിച്ചുകൊണ്ടു പറഞ്ഞു: 'ചക്രവര്‍ത്തീ, അങ്ങയെ കൊല്ലാനായി കൊണ്ടുവന്ന കഠാരയാണിത്. പക്ഷേ, ജീവന്‍ എടുക്കുന്നതിനെക്കാള്‍ ജീവന്‍ കൊടുക്കുന്നതാണ് നല്ലത് എന്ന് എനിക്ക് അങ്ങ് പഠിപ്പിച്ചു തന്നിരിക്കുന്നു.'
ബാബര്‍ പറഞ്ഞു: അതെ, 'ജീവന്‍ കൊടുക്കുന്നതാണ് ഉത്തമം'
Next Story

RELATED STORIES

Share it