ബാബരി ഗൂഢാലോചന: കേസില്‍നിന്ന് ജഡ്ജി പിന്‍മാറി

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ എല്‍ കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി തുടങ്ങിയ ബിജെപി നേതാക്കളെ ഗൂഢാലോചനക്കുറ്റത്തില്‍ നിന്ന് ഒഴിവാക്കിയതിനെതിരേ സമര്‍പ്പിച്ച അപ്പീല്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് സുപ്രിംകോടതി ജഡ്ജി വി ഗോപാല്‍ ഗൗഡ പിന്‍മാറി.
ജസ്റ്റിസ് അരുണ്‍ മിശ്ര അടങ്ങിയ ബെഞ്ചിന്റെ തലവനായ ഗൗഡ കാരണം സൂചിപ്പിക്കാതെയാണു പിന്‍മാറുന്നതായി അറിയിച്ചത്. നടപടികള്‍ ചീഫ് ജസ്റ്റിസ് ടി എസ് ടാക്കൂറിന്റെ തീരുമാനത്തിനു വിട്ട അദ്ദേഹം, കേസ് പരിഗണിക്കാന്‍ പുതിയ ബെഞ്ചിനെ ചീഫ് ജസ്റ്റിസ് നിയോഗിക്കുമെന്നും വ്യക്തമാക്കി.
ഗൂഢാലോചനക്കുറ്റത്തില്‍ നിന്ന് ബിജെപി നേതാക്കളെ ഒഴിവാക്കിയതിനെതിരേ ഹാജി മെഹബൂബ് അഹമ്മദും സിബിഐയുമാണ് അപ്പീല്‍ ഹരജി നല്‍കിയത്. കേസില്‍ അഡ്വാനി, ജോഷി, ഉമാഭാരതി അടക്കം 16 പേരുടെ മറുപടി നേരത്തെ സുപ്രിംകോടതി തേടിയിരുന്നു.
ഹിമാചല്‍പ്രദേശ് ഗവര്‍ണര്‍ കല്യാണ്‍ സിങ്, അന്തരിച്ച ശിവസേന നേതാവ് ബാല്‍താക്കറെ, വിഎച്ച്പി നേതാവ് ആചാര്യ ഗിരിരാജ് കിഷോര്‍ എന്നിവരും കേസിലെ പ്രതികളായിരുന്നു. വിനയ് കത്യാര്‍, വിഷ്ണു ഹരി ദാല്‍മിയ, സതീഷ് പ്രധാന്‍, സി ആര്‍ ബന്‍സാല്‍, അശോക് സിംഗാള്‍, ഗിരിരാജ് കിഷോര്‍, സ്വാധി റിതാംബര, മഹന്ത് അവൈദ്യനാഥ്, ആര്‍ വി വേദന്തി, പരമഹംസ രാമചന്ദ്ര ദാസ്, സതീഷ് നാഗര്‍, മെറേശ്വര്‍ സാവ് എന്നിവരെയും ഗൂഢാലോചനക്കുറ്റത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it