ബാങ്ക് സെക്യൂരിറ്റിക്കാരന്റെ വെടിയേറ്റ് ജീവനക്കാരി മരിച്ചു

തലശ്ശേരി: സെക്യൂരിറ്റി ജീവനക്കാരന്റെ വെടിയേറ്റ് ബാങ്ക് ജീവനക്കാരി തല്‍ക്ഷണം മരിച്ചു. തലശ്ശേരി ലോഗന്‍സ് റോഡിലെ തൊവരായി കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഐഡിബിഐ ബാങ്ക് ജീവനക്കാരി മേലൂര്‍ കെ ടി പീടികയ്ക്ക് സമീപത്തെ പുതിയാണ്ടി വീട്ടില്‍ വിനോദിന്റെ മകള്‍ വില്‍ന വിനോദ്(31)ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ബാങ്ക് സെക്യൂരിറ്റി ജീവനക്കാരന്‍ അഞ്ചരക്കണ്ടി തിലാനൂരിലെ ഹരീന്ദ്രനെ(51)പോലിസ് കസ്റ്റഡിയിലെടുത്തു.
തോക്ക് പതിവ് പരിശോധന നടത്തവേ അബദ്ധത്തില്‍ വെടി പൊട്ടിയതെന്നാണ് പ്രാഥമിക നിഗമനം. ഇയാളെ പോലിസ് ചോദ്യം ചെയ്തു വരികയാണ്. ഇന്നലെ രാവിലെ 10ഓടെയാണ് സംഭവം.—സെക്യൂരിറ്റി ഡ്യൂട്ടി കഴിയുന്നതോടെ വെടിയുണ്ട പുറത്തെടുത്ത് ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുകയാണ് പതിവ്. ഇന്നലെ രാവിലെ ലോക്കറില്‍ നിന്ന് തോക്കും വെടിയുണ്ടകളും പുറത്തെടുത്ത് ലോഡ് ചെയ്യവെ അബദ്ധത്തില്‍ പൊട്ടുകയായിരുന്നുവെന്നാണ് കരുതുന്നത്.
ലോക്കറില്‍ നിന്നും ഏകദേശം രണ്ട് മീറ്റര്‍ അകലെയായിരുന്നു വില്‍നയും സഹപ്രവര്‍ത്തകരും ഇരുന്നിരുന്നത്. നെറ്റിക്ക് വെടിയേറ്റ് തല ഭാഗികമായി തകര്‍ന്നു. സമീപത്തെ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്നേ മരണം സംഭവിച്ചു. തലശ്ശേരി ഡിവൈഎസ്പി സാജു പോള്‍, സിഐ പി എം മനോജ് ഉള്‍പ്പെടെയുള്ള പോലിസ് സംഘം സ്ഥലത്തെത്തി. ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി. ഒരു മാസം മുമ്പാണ് വില്‍ന ഇവിടെ ജോലിയില്‍ പ്രവേശിച്ചത്.
മാടപ്പീടിക കൊമ്മല്‍ വയലിലെ പൂജയില്‍ സംഗീതിന്റെ ഭാര്യയാണ് വില്‍ന. പിതാവ് വിനോദന്‍ ഓട്ടോ തൊഴിലാളിയും മാതാവ് സുധ ചിറക്കുനി പാലയാട്ട് നാളികേര കൃഷി വികസന കേന്ദ്രത്തിലെ ജീവനക്കാരിയുമാണ്. സഹോദരി നയന കായികാധ്യാപിക. ധര്‍മടം പാലയാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കായിക താരമായിരുന്നു വില്‍ന. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it