Middlepiece

ബാങ്ക് വ്യവസ്ഥയെ വെല്ലുവിളിച്ച് മുഹമ്മദ് കുട്ടിക്ക

ബാങ്ക് വ്യവസ്ഥയെ വെല്ലുവിളിച്ച് മുഹമ്മദ് കുട്ടിക്ക
X
slug-vettum-thiruthum'മുഴുവന്‍ പേര് മുഹമ്മദ് കുട്ടി. മക്കളും ഭാര്യയും വിളിക്കുന്നത് മുട്ടിപ്പ. മദ്‌റസ രജിസ്റ്ററില്‍ മുഹമ്മദ്. വോട്ടേഴ്‌സ് ലിസ്റ്റില്‍ മഹമ്മത്. ഇപ്പോള്‍ നാട്ടുകാര്‍ വിളിക്കുന്നത് മുമ്മട്ടക്ക. ആധാര്‍ കാര്‍ഡില്‍ മൊഹന്‍മത്.
ഒരു നിര്‍ധന വ്യക്തിയുടെ ഇത്രയേറെ പേരുകള്‍ വിശദീകരിക്കാന്‍ കാരണമുണ്ട്. കക്ഷി, നഗരത്തില്‍ ദേശസാല്‍കൃത ബാങ്കായ എസ്ബിഐയില്‍ 5,000 രൂപ ലോണ്‍ ആവശ്യപ്പെട്ട് ചെന്നതും തുടര്‍സംഭവങ്ങളും വിശദീകരിക്കാന്‍ വേണ്ടിമാത്രം.
മുഹമ്മദ്കുട്ടി ഇപ്പോള്‍ 'മനപ്പൂര്‍വം ബാങ്ക് വായ്പ തിരിച്ചടയ്ക്കാത്ത വ്യക്തി' എന്ന കോളത്തിലാണ്. വിദേശത്തു കടന്നിട്ടില്ല. ഭാരിച്ച പെട്ടികളില്ലാത്തതാണു കാരണം.
2005ലാണ് മുഹമ്മദ്കുട്ടി അയല്‍വാസി ബാങ്ക് ഉദ്യോഗസ്ഥ ലളിതചേച്ചിയുടെ നിര്‍ദേശപ്രകാരം ബാങ്കില്‍ ചെന്നത്. ലളിതചേച്ചി ബാങ്ക് മാനേജര്‍ തോമസ് ചേട്ടനോട് ചെവിയിലെന്തോ കുശുകുശുത്തു. മാനേജര്‍ വിളിച്ചു: ''യേസ്, വരൂ.''
മുഹമ്മദ്കുട്ടി മാനേജറുടെ കാബിനില്‍ കയറി. എന്തിനാണ് 5,000 രൂപ എന്നു ചോദിച്ചതിന് വീട് മോന്തായം റിപ്പയര്‍ ചെയ്യാനെന്ന് ഉത്തരം. വീടും സ്ഥലവും ആരുടെ പേരിലാണെന്ന ചോദ്യത്തിന് മരണപ്പെട്ട പിതാവ് ബീരാന്‍കുട്ടിയുടെ പേരിലാണെന്ന് സങ്കടപൂര്‍വം ഉത്തരം. പ്രശ്‌നം ഗുരുതരം. ആധാരത്തില്‍നിന്ന് പിതാവിന്റെ പേര് മാറ്റലും മറ്റും ഈ നൂറ്റാണ്ടില്‍ നടക്കില്ല. കാരണം, 16 സഹോദരങ്ങള്‍ക്ക് അവകാശപ്പെട്ടതാണ് വീട്. ധനാഢ്യനും പരോപകാരിയുമായ ഹൈദ്രോസ് ഹാജി നാലുകൊല്ലം മുമ്പ് 4,000 രൂപ വായ്പ നല്‍കിയതിനാല്‍ ആധാരം ഹാജിയാരുടെ അലമാരക്കകത്താണ്.
ബാങ്ക് മാനേജര്‍ ചിന്തിച്ചു. 5,000 രൂപ തരാം. ബാങ്ക് ജീവനക്കാരി ലളിതയുടെ ജാമ്യത്തില്‍. ലളിത സമ്മതിച്ചു. പക്ഷേ, ഒരു കുഴപ്പം. ലളിത മൂന്നു വായ്പയ്ക്ക് ജാമ്യം നിന്നിട്ടുണ്ട്. ഭര്‍ത്താവ് 30 ലക്ഷം എടുത്തതിന്റെ അടവ് തെറ്റിയിട്ടുമുണ്ട്. ലളിതയെ മാനേജര്‍ പിന്‍വലിച്ചു. നിഷ്‌കളങ്കനായതിനാല്‍ മാനേജറുടെ ജാമ്യത്തില്‍ തന്നാല്‍ മതിയെന്ന് മുഹമ്മദ്കുട്ടി നിഷ്‌കളങ്കം പറഞ്ഞപ്പോള്‍ മാനേജര്‍ തോമസ് ഒരു നോട്ടം നോക്കിയതില്‍ മുഹമ്മദ്കുട്ടി നേരെ പോയത് ബാങ്ക് വക ലാട്രിനിലേക്കാണ്. താന്‍ വിഷയം പഠിക്കട്ടെ എന്നും ഒരാഴ്ച കഴിഞ്ഞുവരാനും പറഞ്ഞപ്പോള്‍ മുഹമ്മദ്കുട്ടി വീണ്ടും നിഷ്‌കളങ്കനായി. വീട്ടിലെത്താന്‍ 18 രൂപ വേണം. ലോണ്‍ കിട്ടുമെന്നു വിചാരിച്ച് 20 രൂപ കടം വാങ്ങി വന്നതാണ്.
''അതുകൊണ്ട്...''
മാനേജര്‍ മൂക്കിലെ രോമം ശക്തിയായി പിഴുതെടുത്തു. അത്രയ്ക്ക് അരിശം വന്നു. മുഹമ്മദ് കുട്ടി വിട്ടില്ല.
''സേറ് 50 രൂപ കടം തരണം. അടുത്തയാഴ്ച ലോണ്‍ തര്മ്പം അമ്പതെട്ത്തിട്ട് ബാക്കി തന്നാല്‍ മതി.''
കൂട്ടത്തില്‍ മാനേജറുടെ സെല്‍ഫോണിലെ 'വാള്‍പേപ്പര്‍' ചൂണ്ടി മുഹമ്മദ്കുട്ടി ചോദിച്ചു:
''ഇതാരാണു സേര്‍?''
ചോദിക്കാന്‍ കാരണമുണ്ട്. രാജ്യസഭാംഗവും കോടീശ്വരനും മറ്റും മറ്റും മറ്റുമായ മല്യ അണ്ണന്റെ പടമായിരുന്നു ആ വാള്‍പേപ്പറിലുണ്ടായിരുന്നത്.
മാനേജറുടെ അരിശംപൂണ്ട മുഖം കണ്ട് കാബിന്‍ വിട്ടിറങ്ങുമ്പോള്‍ മാനേജര്‍ അതികര്‍ശനം പറഞ്ഞു: ''ഇനി വരുമ്പം സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍നമ്പര്‍, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരുണ്ടെന്നു തെളിയിക്കുന്ന കടലാസ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന കടലാസ്, വസൂരിക്ക് കുത്തിവച്ചതിന്റെ സര്‍ട്ടിഫിക്കറ്റ്, ബിപിഎല്‍ ആണെങ്കില്‍ റേഷന്‍കട ഉടമ നല്‍കുന്ന വിശ്വസ്തതാ സര്‍ട്ടിഫിക്കറ്റ്...''
മാനേജര്‍ ഇനി എന്തെങ്കിലും പറയും മുമ്പ് മുഹമ്മദ്കുട്ടി, മുട്ടിപ്പ, മുഹമ്മദ്, മഹമ്മത്, മുമ്മട്ടക്ക, മൊഹന്‍മത് മാനേജറോടു സ്വകാര്യം എന്തോ ചോദിച്ചു. ചോദ്യം നേരിട്ട് ചെവിയിലോട്ടായതിനാല്‍ 'ആരും' കേട്ടില്ല.
''പുറത്തിരിക്ക്''- മാനേജര്‍ പറഞ്ഞു.
മുഹമ്മദ്കുട്ടി ഇരുന്നു. കൃത്യം അരമണിക്കൂര്‍. ലളിതചേച്ചി 360 എന്ന ടോക്കണ്‍ മൂപ്പര്‍ക്ക് കൊടുത്തു. പിന്നെ, ഒരു 10 മിനിറ്റ്. കുറേ കടലാസുകളില്‍ ലളിത ഒപ്പിടുവിച്ചു. പെരുവിരലടയാളം വയ്ക്കാന്‍ ലളിത കൈയില്‍ പിടിച്ചപ്പോള്‍ മുഹമ്മദ്കുട്ടി സധൈര്യം പറഞ്ഞു: ''തൊടണ്ട.''
തൊട്ടില്ല. വിരല്‍ പതിച്ചു. 5,000 കിട്ടി. മോന്തായവും ശരിയാക്കിയില്ല, ലോണ്‍ തിരിച്ചടച്ചിട്ടും ഇല്ല. 'മനപ്പൂര്‍വം വായ്പ തിരിച്ചടയ്ക്കാത്ത വ്യക്തി' എന്ന ലേബലില്‍ മുഹമ്മദ്കുട്ടി ഒരു കുഴപ്പവും കൂടാതെ ജീവിക്കുന്നു. എന്താ പോരേ?
Next Story

RELATED STORIES

Share it