Idukki local

ബാങ്ക് മാനേജര്‍ വനിതാ പോലിസുകാരിയെ അപമാനിച്ച കേസ്; സാക്ഷി വിസ്താരം ഇന്ന് പൂര്‍ത്തിയാവും

തൊടുപുഴ: ഇരുചക്ര വാഹന വായ്പയുമായി ബന്ധപ്പെട്ടു ബാങ്കിലെത്തിയ വനിതാ പോലിസ് ഉദ്യോഗസ്ഥയെ യൂനിയന്‍ ബാങ്ക് മാനേജര്‍ അപമാനിച്ചെന്ന കേസില്‍ സാക്ഷി വിസ്താരം ഇന്ന് പൂര്‍ത്തിയാവും.
വനിതാ പോലിസ് കോണ്‍സ്റ്റബിള്‍ അറുകാലില്‍ വീട്ടില്‍ പ്രമീള ബിജു യൂനിയന്‍ ബാങ്ക് മാനേജര്‍ പേഴ്‌സി ജോസഫ് ഡെസ്മണ്ടിനെതിരെ നല്‍കിയ കേസാണ് ഇത്.
വായ്പയെക്കുറിച്ചറിയുന്നതിനും മറ്റുമായി ക്യാബിനിലെത്തിയ പ്രമീളയെ മാനേജര്‍ അപമാനിക്കുകയായിരുന്നു.ഇന്ന് മുട്ടം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് വിസ്താരം പൂര്‍ത്തിയാവുക. 2011 ജൂലൈ 25ന് ഉച്ചകഴിഞ്ഞ് 2.30ന് ബാങ്ക് കാബിനില്‍ പോലിസുകാരിയെ അപമാനിച്ചെന്നാണ് കേസ്.ഇതുമായി ബന്ധപ്പെട്ടു ബാങ്ക് മാനേജരെ അന്നത്തെ എഎസ്പി ആര്‍ നിശാന്തിനിയുടെ നേതൃത്വത്തില്‍ പോലിസ് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചത് വിവാദമായിരുന്നു.
കേസിലെ പ്രധാന സാക്ഷിയും അന്വേഷണ ഉദ്യോഗസ്ഥനുമായിരുന്ന ഇപ്പോഴത്തെ ആലപ്പുഴ സിബിസിഐഡി ഡിവൈഎസ്പി എസ് ഡി സുരേഷ്‌കുമാറിനെയാണ് ഇന്ന് വിസ്തരിക്കുന്നത്.
കേസില്‍ പോലിസ് ഉദ്യോഗസ്ഥര്‍, ബാങ്ക് ജീവനക്കാര്‍ സംഭവ സമയത്ത് ബാങ്കിലുണ്ടായിരുന്ന കന്യാസ്ത്രീകള്‍ , ബാങ്ക് ഇടപാടുകാര്‍ തുടങ്ങി 38 സാക്ഷികളാണ് കേസില്‍ ഉള്ളത്. എഎസ്പിയും പോലിസ് ഉദ്യോഗസ്ഥരും മര്‍ദ്ദിച്ചെന്ന് കാണിച്ച് ബാങ്ക് മാനേജര്‍ പേഴ്‌സി നല്‍കിയ കേസും പേഴ്‌സിയുടെ മൊഴി പോലിസ് ഉദ്യോഗസ്ഥന്‍ നശിപ്പിച്ചെന്ന കേസും ഹൈക്കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തിരിക്കുകയാണ്.
വാദി ഭാഗം വിസ്താരമാണ് ഇന്ന് പൂര്‍ത്തിയാവുന്നത്. പ്രതിക്കുവേണ്ടി അഡ്വ.സി എം ടോമി ചെറുവള്ളിയാണ് ഹാജരാവുന്നത്.
Next Story

RELATED STORIES

Share it