Business

ബാങ്ക് അക്കൗണ്ട് പോര്‍ട്ട് ചെയ്യാന്‍ സംവിധാനം വരുന്നു

ബാങ്ക് അക്കൗണ്ട് പോര്‍ട്ട് ചെയ്യാന്‍ സംവിധാനം വരുന്നു
X
Bank-portable

മുഹമ്മദ്  സാബിത്

ന്യൂഡല്‍ഹി: മൊബൈല്‍ഫോണ്‍ നമ്പര്‍ മാറ്റാതെ സേവനദാതാവിനെ മാറ്റാന്‍ കഴിയുന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനത്തിന്റെ മാതൃക രാജ്യത്തെ ബാങ്കിങ് മേഖലയും പരീക്ഷിക്കുന്നു. നൂതന സംവിധാനം യാഥാര്‍ഥ്യമായാല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍ ബാങ്കുകളില്‍ സമ്മര്‍ദ്ദമേറുമെന്നും ഇത് ഉപഭോക്താവിനു ഗുണം ചെയ്യുമെന്നുമാണ് വിലയിരുത്തല്‍.
ആധാര്‍ സംവിധാനത്തിനും മുംബൈ ആസ്ഥാനമായ നാഷനല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യക്കും (എന്‍പിസിഐ) ഇതില്‍ പ്രധാന പങ്കുവഹിക്കാനാവും. ആധാര്‍ ഒരു ബാങ്കില്‍നിന്ന് മറ്റൊരു ബാങ്കിലേക്കു മാറുന്ന ഉപഭോക്താവിന്റെ വിശദാംശങ്ങള്‍ ലഭ്യമാവുന്നതിന് സഹായിക്കുമ്പോള്‍ പണമിടപാടുകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എന്‍പിസിഐക്ക് സാധിക്കും. ഉപഭോക്താവിന്റെ വിശദാംശങ്ങള്‍ കേന്ദ്രീകൃതമായി ലഭ്യമാക്കുന്ന സംവിധാനവും ബാങ്കുകള്‍ സംയുക്തമായി കൈകാര്യം ചെയ്യുന്ന കേന്ദ്രീകൃതമായ പണമിടപാട് സംവിധാനവും ബാങ്കിങ് മേഖലയില്‍ പോര്‍ട്ടബിലിറ്റി നടപ്പാക്കുന്നതിന് അനിവാര്യമാണ്.
റിസര്‍വ് ബാങ്കിന്റെയും ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്റെയും മാര്‍ഗനിര്‍ദേശങ്ങളോടെ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ബാങ്കുകളുടെ പൊതുവേദിയാണ് എന്‍പിസിഐ. ബാങ്കിങ് മേഖലയില്‍ പോര്‍ട്ടബിലിറ്റിയുടെ സാധ്യതകള്‍ക്ക് അനുകൂലമായ സമീപനമാണ് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ എസ് എസ് മുണ്ഡ്രയുടേത്. നിലവില്‍ ചില അന്തര്‍ദേശീയ ബാങ്കുകള്‍ ഈ ആശയത്തെ പിന്തുണയ്ക്കുന്നതായി മുണ്ഡ്ര പറഞ്ഞു. ബ്രിട്ടനിലെ ഫിനാന്‍ഷ്യല്‍ കണ്ടക്റ്റ് അതോറിറ്റി (എഫ്‌സിഎ) കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പുറത്തുവിട്ട റിപോര്‍ട്ടില്‍ ബാങ്ക് നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനത്തിന്റെ ഗുണഫലം വ്യക്തമാക്കുന്നുണ്ട്.
കൂടാതെ, ആസ്‌ത്രേലിയന്‍ സാമ്പത്തികമേഖലയിലെ സുപ്രധാന സ്ഥാപനമായ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷനല്‍ ഫിനാന്‍സ് ആന്റ് റഗുലേഷനും (സിഐഎഫ്ആര്‍) പോര്‍ട്ടബിലിറ്റി സംവിധാനത്തിന് അനുകൂലമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ഇന്ത്യയില്‍ നാലുവര്‍ഷം മുമ്പുതന്നെ ബാങ്കുകളോട് ഉപഭോക്താവിന് തന്റെ ബാങ്കിന്റെ മറ്റേതൊരു ശാഖയിലേക്കും അക്കൗണ്ട് മാറ്റാന്‍ സാധിക്കുന്ന ഇന്‍ട്രാ ബാങ്ക് അക്കൗണ്ട് പോര്‍ട്ടബിലിറ്റി സംവിധാനം നടപ്പാക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിരുന്നു.
Next Story

RELATED STORIES

Share it