ബാങ്കുകള്‍ വായ്പ കുടിശ്ശിക തിരിച്ചുപിടിക്കാന്‍ ബലപ്രയോഗം പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി: ബാങ്കുകള്‍ കായികബലം ഉപയോഗിച്ച് വായ്പ കുടിശ്ശിഖ തിരിച്ചുപിടിക്കരുതെന്ന് ഹൈക്കോടതി. വായ്പ തിരിച്ചുപിടിക്കാന്‍ നിയമപരമായ മാര്‍ഗമാണു സ്വീകരിക്കേണ്ടത്. ജനാധിപത്യ രാഷ്ട്രത്തിലെ സ്വതന്ത്യ നീതിന്യായ സംവിധാനത്തില്‍ വ്യത്യസ്തമായ നിയമങ്ങള്‍ നിലവിലുണ്ടായിരിക്കെ കായികബലം പ്രയോഗിച്ച് വായ്പ തിരികെപ്പിടിക്കല്‍ നിയമരാഹിത്യത്തിനിടവരുമെന്നും ജസ്റ്റിസ് പി ബി സുരേഷ്‌കുമാര്‍ നിരീക്ഷിച്ചു. വായ്പ കുടിശ്ശിക തിരിച്ചുപിടിക്കാന്‍ കോഴിക്കോട്ടെ സ്വകാര്യ ഡിറ്റക്ടീവ് ഏജന്‍സിയെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഏല്‍പിച്ചതുമായി ബന്ധപ്പെട്ട ഹരജിയാണ് കോടതി പരിഗണിച്ചത്. ഭാവിയില്‍ പൊതുമേഖലാ ബാങ്കുകള്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വായ്പ കുടിശ്ശിഖ പിരിച്ചെടുക്കുന്നതു സംബന്ധിച്ച് മാര്‍ഗനിര്‍ദേശം രൂപപ്പെടുത്തുന്നതിനായി വിധിയുടെ പകര്‍പ്പ് റിസര്‍വ് ബാങ്കിനു നല്‍കാന്‍ ഹൈക്കോടതി രജിസ്ട്രിയെ ചുമതലപ്പെടുത്തി. നിയമത്തെ മറികടന്നു നടത്തുന്ന വായ്പ തിരിച്ചെടുക്കല്‍ നടപടി അധാര്‍മികവും നിയമവിരുദ്ധവും ജനവിരുദ്ധവും പൊതുതാല്‍പര്യ സംരക്ഷണത്തിന് എതിരുമാണ്. അതിനാല്‍ ബാങ്കുകള്‍ പൊതുതാല്‍പര്യത്തിനു വിരുദ്ധമായി കുടിശ്ശിക പിരിച്ചെടുക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ നിയമവിരുദ്ധമായി കണക്കാക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. റിട്ടയേര്‍ഡ് അസി. കമ്മീഷന്‍ മാനേജിങ് പാര്‍ട്ണറായ കോഴിക്കോട്ടെ സ്വകാര്യ ഏജന്‍സിയെയാണ് പണം തിരികെ വാങ്ങാനായി എസ്ബിഐ ചുമതലപ്പെടുത്തിയത്. എസ്ബിഐയില്‍ നിന്ന് 10 ലക്ഷം രൂപ വായ്പ എടുത്ത അനില്‍കുമാര്‍ എന്ന വ്യക്തിയില്‍ നിന്ന് കുടിശ്ശിക ഇനത്തില്‍ 16 ലക്ഷം തിരികെ പിടിക്കാനാണ് ഏജന്‍സിയെ ചുമതലപ്പെടുത്തിയത്. പിരിച്ചെടുക്കുന്ന തുകയ്ക്ക് അഞ്ച് ശതമാനം കമ്മീഷന്‍ നല്‍കാമെന്ന വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍, വായ്പക്കാരന്‍ 7 ലക്ഷം തിരിച്ചടച്ചെന്നും ബാക്കി തുക ഏജന്‍സിയുടെ ശ്രമഫലമായി തിരികെ പിടിച്ചിട്ടും ബാങ്ക് കമ്മീഷന്‍ ഇനത്തിലുള്ള പണം നല്‍കിയില്ലെന്നും കാട്ടി ഏജന്‍സി മുന്‍സിഫ് കോടതിയെ സമീപിച്ചു. മുന്‍സിഫ് കോടതി ഏജന്‍സിക്കുള്ള കമ്മീഷന്‍ തുകയായ 72,050 രൂപ നല്‍കണമെന്ന് ഉത്തരവിട്ടു. ഇതിനെതിരേ ബാങ്ക് സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കി. അപ്പീല്‍ സെഷന്‍സ് കോടതി അനുവദിച്ചതിനെ തുടര്‍ന്നാണ് സ്വകാര്യ ഏജന്‍സി ഹൈക്കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച ഹൈക്കോടതി ബാങ്കും ഹരജിക്കാരനും തമ്മിലുള്ള കരാര്‍ പരിശോധിച്ചു. കരാറുകള്‍ പൊതുതാല്‍പര്യത്തിന് എതിരാവരുത്. അനീതിയുണ്ടാവല്‍, സ്വാതന്ത്യം ഹനിക്കല്‍, നിയമലംഘനം, നിയമപരമായ അവകാശം തടയല്‍ തുടങ്ങിയവ പൊതുനീതിക്കെതിരാണെന്നും കോടതി വ്യക്തമാക്കി. ബാങ്കിന് പൊതുസമൂഹത്തില്‍ കളങ്കമുണ്ടാക്കരുതെന്ന് ഹരജിക്കാരോട് നിര്‍ദേശം നല്‍കിയതായും രേഖയുണ്ട്. ഇതില്‍ നിന്ന് നിയമവിരുദ്ധ പ്രവര്‍ത്തനമാണു നടത്തുന്നതെന്ന് ബാങ്കിനുതന്നെ വ്യക്തമായിരുന്നു എന്നുവേണം കണക്കാക്കാനെന്നും കോടതി ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it