ബാംഗ്ലൂര്‍ സ്‌ഫോടനം: വിചാരണ വൈകുന്നതില്‍ അതൃപ്തി; വിചാരണ ഏകീകരിക്കാന്‍ കീഴ്‌ക്കോടതിയെ സമീപിക്കാം

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിന്റെ വിചാരണ ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ട് അബ്ദുന്നാസിര്‍ മഅ്ദനിക്കു വിചാരണക്കോടതിയെ സമീപിക്കാമെന്നു സുപ്രിംകോടതി. ഇതുമായി ബന്ധപ്പെട്ട ഒമ്പതു കേസും ഒരുമിച്ചു പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മഅ്ദനിക്ക് ഒരാഴ്ചയ്ക്കുള്ളില്‍ ബംഗളൂരുവിലെ പ്രത്യേക വിചാരണക്കോടതിയെ സമീപിക്കാം. കേസില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീര്‍പ്പു കല്‍പിക്കാനും വിചാരണക്കോടതിക്ക് സുപ്രിംകോടതി നിര്‍ദേശം നല്‍കി.
വിചാരണക്കോടതിയില്‍ പ്രോസിക്യൂഷന്‍ സാക്ഷികള്‍ വന്നു കോടതി നടപടികള്‍ നടക്കാതെ തിരിച്ചുപോകുന്നതില്‍ സുപ്രിംകോടതി അതൃപ്തി രേഖപ്പെടുത്തി. ഇതുസംബന്ധിച്ച റിപോര്‍ട്ട് എത്രയും വേഗം സുപ്രിംകോടതിയില്‍ സമര്‍പ്പിക്കണമെന്നും വിചാരണക്കോടതിയോട് ആവശ്യപ്പെട്ടു. ഒന്നിച്ചു വിചാരണ നടത്തിയാല്‍ എത്ര നാള്‍ കൊണ്ടു വിചാരണ പൂര്‍ത്തിയാക്കാന്‍ സാധിക്കും, അല്ലാതെ നടത്തിയാല്‍ എത്ര നാള്‍ എടുക്കും എന്നീ വിവരവും കോടതിയെ അറിയിക്കണം. കേസ് നാലാഴ്ചയ്ക്കു ശേഷം പരിഗണിക്കും.
കേസ് ഏകീകരിക്കണമെന്ന് മഅ്ദനിയല്ലാതെ മറ്റാരും ആവശ്യപ്പെട്ടില്ലെന്നായിരുന്നു കര്‍ണാടക സര്‍ക്കാരിനു വേണ്ടി ഹാജരായ രാജു രാമചന്ദ്രന്റെ വാദം. എന്നാല്‍, അക്കാരണം കൊണ്ട് മാത്രം മഅ്ദനിക്കു നീതി നിഷേധിക്കാനാവില്ലെന്നും കേസ് എളുപ്പത്തില്‍ തീര്‍ക്കണമെന്നും കോടതി ആവശ്യപ്പെട്ടു. വിചാരണത്തടവുകാര്‍ക്കും ഭരണഘടനാപരമായ അവകാശങ്ങളുണ്ട്. എത്ര വലിയ കുറ്റമാണെങ്കിലും ആറു വര്‍ഷമൊക്കെ ഒരാളെ തടവില്‍ വയ്ക്കുകയെന്നു പറയുന്നത് ഒരു സംസ്ഥാനത്തിനും ഭൂഷണമല്ലെന്നും കോടതി വ്യക്തമാക്കി.
സ്‌ഫോടനവുമായി ബന്ധപ്പെട്ട ഒമ്പതു കേസും ഏകീകരിക്കുന്നതുകൊണ്ട് കേസിലെ മറ്റു കൂട്ടുപ്രതികള്‍ക്ക് അതു ദോഷകരമായി ബാധിക്കരുതെന്നു മാത്രമായിരുന്നു സുപ്രിംകോടതി ഇതുസംബന്ധിച്ച് നല്‍കിയ മാര്‍ഗനിര്‍ദേശം. മഅ്ദനിക്കു വേണ്ടി പ്രമുഖ അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍, ഹാരിസ് ബീരാന്‍ എന്നിവര്‍ ഹാജരായി. ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, എ എം സപ്‌റേ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
Next Story

RELATED STORIES

Share it