ബഹുഭര്‍തൃത്വം ശാസ്ത്രീയവും മതപരവുമല്ലെന്ന് കെഎന്‍എം

കോഴിക്കോട്: ഇസ്‌ലാമിക ശരീഅത്തിനെ ആധുനിക വ്യാഖ്യാനങ്ങള്‍ക്ക് വിധേയമാക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡണ്ട് ടി പി അബ്ദുല്ലക്കോയ മദനി, ജനറല്‍ സെക്രട്ടറി പി പി ഉണ്ണീന്‍കുട്ടി മൗലവി, കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി എം മുഹമ്മദ് മദനി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

ഇസ്‌ലാമിക ശരീഅത്തിനെ ആധുനിക വ്യാഖ്യാനങ്ങള്‍ക്ക് വിധേയമാക്കുന്നത് ഇതാദ്യമായല്ല. കാലാകാലങ്ങളില്‍ ഇത് ചര്‍ച്ചയ്ക്ക് വിധേയമാവാറുണ്ട്. ശരീഅത്തിനെതിരെ ഉയര്‍ത്തുന്ന അഭിപ്രായപ്രകടനങ്ങള്‍ പലപ്പോഴും അതിരുകടക്കുന്നുണ്ടെന്നും മുജാഹിദ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. ശിക്ഷണവും ഉത്തരവാദിത്ത ബോധവുമുള്ള സമൂഹ സൃഷ്ടിയാണ് വിവാഹത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. മാതാവ്, പിതാവ്, മക്കള്‍ എന്നിങ്ങനെയുള്ള ബന്ധങ്ങള്‍ സമൂഹത്തില്‍ നിലനില്‍ക്കണം. മനുഷ്യനന്മ ലക്ഷ്യമാകുന്ന സമൂഹത്തില്‍ ബഹുഭര്‍തൃത്വം സ്വീകാര്യമല്ല. ബഹുഭാര്യാത്വം ശാസ്ത്രീയവും മതപരവുമാകുന്നതുപോലെ ബഹുഭര്‍തൃത്വം മതപരവും ശാസ്ത്രീയവുമല്ലെന്ന് നേതാക്കള്‍ പറഞ്ഞു. ശരീഅത്തിനും മുസ്‌ലിം വ്യക്തിനിയമത്തിനുമെതിരെ ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നുയരുന്ന നീക്കങ്ങള്‍ ആശങ്കാജനകമാണ്. മുസ്‌ലിം വ്യക്തിനിയമത്തിനെതിരെ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ മുസ്‌ലിം വിരുദ്ധ നീക്കങ്ങളുടെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുസ്‌ലിം വ്യക്തിനിയമങ്ങള്‍ അവകാശങ്ങള്‍ ഹനിക്കുന്നു എന്ന കണ്ടെത്തല്‍ ആശ്ചര്യം സൃഷ്ടിക്കുന്നതാണ്. വിശുദ്ധ ഖുര്‍ആനും പ്രവാചക തിരുസുന്നത്തും സ്ത്രീകളെ അങ്ങേയറ്റം ബഹുമാനിച്ചിട്ടുണ്ട്. ഖുര്‍ആനിനേയും പ്രവാചകനെയും സ്ത്രീ വിരുദ്ധമാക്കി അവതരിപ്പിക്കാനുള്ള നീക്കം ഖേദകരമാണെന്ന് മുജാഹിദ് നേതാക്കള്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it