ബഹിരാകാശ ജോലിക്ക് അപേക്ഷ ക്ഷണിച്ച് നാസ

വാഷിങ്ടണ്‍: ഭൂമിക്കു മുകളില്‍ 350 കിലോമീറ്റര്‍ അകലെ അന്താരാഷ്ട്ര ബഹിരാകാശ നിലയ(ഐഎസ്എസ്) ത്തില്‍ തൊഴിലവസരം. ബഹിരാകാശ ശാസ്ത്രജ്ഞരുടെ അടുത്ത സംഘത്തിലേക്ക് നാസ അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ചിലപ്പോള്‍ ചന്ദ്രനിലേക്കു യാത്ര ചെയ്യാനും അവരമുണ്ടാവും. അടുത്ത ഫെബ്രുവരി 18 വരെ നാസയുടെ വെബ്‌സെറ്റ് വഴി അപേക്ഷിക്കാം. തിരഞ്ഞെടുത്തവരുടെ പട്ടിക 2017 ല്‍ പുറത്തിറക്കും. ചൊവ്വാ യാത്രയ്ക്കു ബഹിരാകാശ ശാസ്ത്രജ്ഞരെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യമെന്നു നാസ അഡ്മിനിസ്‌ട്രേറ്റര്‍ ചാള്‍സ് ബോര്‍ഡന്‍ പറഞ്ഞു. അമേരിക്കന്‍ നിര്‍മിത പേടകത്തിലായിരിക്കും പുതിയ സംഘം ബഹിരാകാശ നിലയത്തിലേക്കും ചൊവ്വയിലേക്കും യാത്ര ചെയ്യുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ബ്രിട്ടിഷ് മുന്‍ വ്യോമസേനാംഗം ടിം പീക് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഇന്നലെ യാത്ര തിരിച്ചു. കസാക്കിസ്താനില്‍ നിന്നു പുറപ്പെട്ട സോയുസ് പേടകത്തില്‍ അദ്ദേഹത്തോടൊപ്പം റഷ്യയുടെ യുരി മാലിന്‍ചെങ്കോ, അമേരിക്കയുടെ ടിം കോപ്ര എന്നിവരുമുണ്ട്. ആറു മാസം ഇവര്‍ ബഹിരാകാശ നിലയത്തിലുണ്ടാവും. ബ്രിട്ടന്റെ ആദ്യ ഔദ്യോഗിക ബഹിരാകാശ യാത്രികനാണ് ടിം പീക്. ബ്രിട്ടന്‍ സമയം ഇന്നലെ രാത്രി 11.30ന് ഇവര്‍ ബഹിരാകാശ നിലയത്തിലെത്തി. യുവജനങ്ങളെ ശാസ്ത്ര ഗവേഷണത്തിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുന്‍ മേജറിന്റെ യാത്ര.
Next Story

RELATED STORIES

Share it