Pathanamthitta local

ബസ് സര്‍വീസ് നിര്‍ത്തലാക്കി: കല്ലുങ്കല്‍- തിരുവല്ല-പെരിങ്ങര- മേപ്രാല്‍ റൂട്ടില്‍ ജനം വലയുന്നു

തിരുവല്ല: താലൂക്കിലെ ഒറ്റപ്പെട്ട പ്രദേശങ്ങളായ കല്ലുങ്കല്‍, മേപ്രാല്‍ എന്നിവിടങ്ങളിലെ യാത്രാക്ലേശത്തിന് പരിഹാരമായി സര്‍വീസ് നടത്തിയിരുന്ന സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തലാക്കിയത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. കല്ലുങ്കല്‍ നിന്ന് പുല്ലംക്ലാവില്‍ കടവ് വഴി തിരുവല്ലയിലേക്കും ഇവിടെ നിന്ന് പെരിങ്ങര തണുങ്ങാട് കോളനി വഴി മേപ്രാലിലേക്കും സര്‍വീസ് നടത്തിയ ബസ്സാണ് കഴിഞ്ഞ ദിവസം നിര്‍ത്തലാക്കിയത്.
തിരുവല്ല നഗരത്തെ ബന്ധപ്പെടുത്തി ദിവസവും നാല് ട്രിപ്പാണ് ഗ്രാമപ്രദേശങ്ങളിലേക്ക് നടത്തിയിരുന്നത്. വിദ്യാര്‍ഥികളും തൊഴിലാളികളുമായ നൂറിലധികം ആളുകള്‍ക്ക് ബസ് സര്‍വീസ് ഉപകാരപ്പെട്ടിരുന്നു. മറ്റു ബസ്സുകള്‍ ഒന്നും ഇല്ലാത്ത റൂട്ടിലെ സര്‍വീസ് നിര്‍ത്തലാക്കിയതിന് പിന്നില്‍ സ്വകാര്യ ബസ് ലോബിയുടെ ഇടപെടല്‍ ഉള്ളതായും ആക്ഷേപമുണ്ട്. നിലവില്‍ സര്‍വീസ് നടത്തിയിരുന്ന ബസ്സിന് ചുങ്കപ്പാറയിലേക്ക് പെര്‍മിറ്റ് അനുവദിച്ച് ഗ്രാമീണ മേഖലയെ ഒഴിവാക്കാനാണ് നീക്കം നടക്കുന്നത്.
ചുങ്കപ്പാറയില്‍ നിന്ന് തിരുവല്ലയില്‍ എത്തിയ ശേഷം കല്ലുങ്കലിനും മേപ്രാലിനും സര്‍വീസ് നടത്തിയാല്‍ മതിയെന്നാണ് പുതിയ നിര്‍ദേശം. ഇത് പാലിച്ചാല്‍ ദിവസം ഒരു പ്രാവശ്യം മാത്രമേ ബസ്സിന് കല്ലുങ്കലും മേപ്രാലും എത്താനാവു. ബസ്സിന്റെ സമയത്തില്‍ മാറ്റമുണ്ടാവുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്കും തൊഴിലാളികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുകയുമില്ല.
കല്ലുങ്കല്‍ നിന്ന് രാവിലെത്തെ ബസ്സില്‍ തിരുവല്ലയില്‍ എത്തി മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്ന നിരവധിയാളുകളുണ്ട്. തിരുവല്ല താലൂക്ക് ആശുപത്രി, നഗരത്തിലെ സ്‌കൂളുകള്‍, കോളജുകള്‍, വിവിധ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള നിരവധിയാളുകളാണ് ഈ ബസ്സിനെ ആശ്രയിക്കുന്നത്. ഇവരുടെ വൈകീട്ടത്തെ മടക്കയാത്രയും ഇതേ ബസ്സിലാണ്.
നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്ന നിരവധി അന്യസംസ്ഥാനക്കാരും ബസ്സിലെ സ്ഥിരം യാത്രക്കാരാണ്. ചാണിക്കാവ് ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തുന്നവര്‍ക്കും ഈ സര്‍വീസാണ് ആശ്രയം. കല്ലുങ്കല്‍ അംബേദ്കര്‍ കോളനി, വെണ്‍പാല കാരാത്ര കോളനി, പെരിങ്ങാര തണുങ്ങാട് കോളനി എന്നിവിടങ്ങളിലെ താമസക്കാരും ഈ ബസ്സിനെയാണ് ആശ്രയിക്കുന്നത്.
വെണ്‍പാല, കല്ലുങ്കല്‍ പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് തിരുവല്ല ചന്തയില്‍ സാധനങ്ങളുമായി എത്തുന്നതിനും മടങ്ങുന്നതിനും ഈ സര്‍വീസ് ഉപകാരപ്പെടുന്നുണ്ട്. സര്‍വീസ് നിര്‍ത്തലാക്കിയാല്‍ പ്രദേശത്തെ യാത്രാപ്രശ്‌നം സങ്കീര്‍ണമാവുമെന്ന് ചൂണ്ടിക്കാട്ടി അധികൃതര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.
Next Story

RELATED STORIES

Share it