kannur local

ബസ് റൂട്ട് നമ്പറിങ്: മൂന്നാംഘട്ടം തുടങ്ങി

കണ്ണൂര്‍: ജില്ലയിലെ സ്വകാര്യ ബസ്സുകള്‍ക്കുള്ള നമ്പറിങ് സമ്പ്രദായത്തിന്റെ മൂന്നാംഘട്ടം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നിര്‍ദിഷ്ട കണ്ണൂര്‍ വിമാനത്താവള ഭാഗമായ മട്ടന്നൂരിലേക്കു പോവുന്ന ബസ്സിനുള്ള നമ്പറായ 80 ന്റെ ബോര്‍ഡ് ഡിടിഒ ബാബുവിന് നല്‍കിയാണ് ഉദ്ഘാടനം ചെയ്തത്.
കണ്ണൂര്‍ സര്‍വകലാശാല എംബിഎ പഠനവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ആരംഭിച്ച ബസ് റൂട്ട് നമ്പറിങ് സംവിധാനം മാതൃകാപരമാണെന്നും ഇത് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ ഡിപ്പോയില്‍ നിന്ന് ഒരു എസി ഇന്റര്‍‌സ്റ്റേറ്റ് ബസ് ഉടന്‍ ആരംഭിക്കും.
കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു മുന്നില്‍ ബസ് ബേ സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്താന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഇവിടെ ബസ് സ്റ്റോപ്പ് സ്ഥാപിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ആര്‍ടിഒയ്ക്കും കെഎസ്ആര്‍ടിസി എംഡിക്കും നിര്‍ദേശം നല്‍കി.
ബസ് റൂട്ട് സംബന്ധമായ വിവരങ്ങളും പോകുന്ന വഴിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, എടിഎം സെന്ററുകള്‍, ആശുപത്രികള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവയുടെ വിവരവും ഉള്‍പ്പെടുത്തിയ കണ്ണൂര്‍ ബസ് എന്ന മൊബൈല്‍ ആപ്പിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ബസ് നമ്പറിങ് സംവിധാനത്തിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം മേയര്‍ ഇ പി ലത നിര്‍വഹിച്ചു. പ്രൊജക്ട് വികസിപ്പിച്ച സര്‍വകലാശാല വിദ്യാര്‍ഥികളെ പി കെ ശ്രീമതി ടീച്ചര്‍ എംപി ആദരിച്ചു.
കണ്ണൂര്‍ ഡിപ്പോയുടെ വികസനത്തിന് എംഎല്‍എ ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ അനുവദിക്കുമെന്ന് അധ്യക്ഷത വഹിച്ച എ പി അബ്ദുല്ലക്കുട്ടി എംഎല്‍എ പറഞ്ഞു. ജില്ലയിലെ ബസ് കാത്തിരിപ്പുകേന്ദ്രങ്ങളില്‍ സ്ഥാപിക്കുന്ന ബസ് നമ്പറുകള്‍ സൂചിപ്പിക്കുന്ന ഡിസ്‌പ്ലേ ബോര്‍ഡുകളുടെ ഉദ്ഘാടനം കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സി സമീര്‍ നിര്‍വഹിച്ചു.
ഏകീകൃത ബസ്‌റൂട്ട് പുസ്തക പ്രകാശനം കണ്ണൂര്‍ സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ബാലചന്ദ്രന്‍ കീഴോത്ത് പാലയാട് കാംസിലെ എംബിഎ വിഭാഗം തലവന്‍ ഡോ. യു ഫൈസലിന് നല്‍കി നിര്‍വഹിച്ചു. ജില്ലാ കലക്ടര്‍ പി ബാലകിരണ്‍, ആര്‍ടിഒ സി ജെ പോള്‍സണ്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it