wayanad local

ബസ് മറിഞ്ഞ് 37 പേര്‍ക്കു പരിക്ക്; ഒരാളുടെ നില ഗുരുതരം

മാനന്തവാടി: മിനി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് 37 പേര്‍ക്ക് പരിക്കേറ്റു. മാനന്തവാടി, കല്ലോടി, തേറ്റമല വഴി പന്തിപ്പൊയിലിലേക്ക് സര്‍വീസ് നടത്തുന്ന ബസ്സാണ് രണ്ടേനാലില്‍ അപകടത്തില്‍പ്പെട്ടത്.
എതിരേ വന്ന ഓട്ടോറിക്ഷയ്ക്ക് സൈഡ് കൊടുക്കുന്നതിനിടെ പൈപ്പ് സ്ഥാപിക്കാനായി റോഡരികില്‍ നിക്ഷേപിച്ചിരുന്ന മണ്‍കൂനയില്‍ കയറിയ ബസ് നിയന്ത്രണംവിട്ട് തലകീഴായി മറിയുകയായിരുന്നു. തൊട്ടടുത്ത രണ്ടേനാല്‍ ടൗണില്‍ നിന്നു നാട്ടുകാരും ടാക്‌സി ഡ്രൈവര്‍മാരുമെത്തിയാണ് യാത്രക്കാരെ പുറത്തെടുത്ത് ജില്ലാ ആശുപത്രിയിലെത്തിച്ചത്.
സാരമായി പരിക്കേറ്റ തേറ്റമല വലിയതൊടി ഹംസ(40)യെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബസ്സില്‍ മൂന്നു ഗര്‍ഭിണികളും നാലു കുട്ടികളുമുണ്ടായിരുന്നു. പത്തോളം പേരെ പ്രാഥമിക ചികില്‍സയ്ക്കു ശേഷം വിട്ടയച്ചു. ഇന്നലെ വൈകീട്ട് 3.45ഓടെ തേറ്റമലയില്‍ നിന്നു മാനന്തവാടിയിലേക്ക് വരുന്നതിനിടെയാണ് ബസ് അപകടത്തില്‍പ്പെട്ടത്.
വിവരമറിഞ്ഞയുടന്‍ ജില്ലാ ആശുപത്രിയില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ഡിവൈഎഫ്‌ഐ ആശുപത്രി ജാഗ്രതാ സമിതി, മാനന്തവാടി മാഗസിന്‍ കൂട്ടായ്മ ഓപ്പണ്‍ ചാറ്റ് പ്രവര്‍ത്തകര്‍, വിവിധ രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകര്‍ സൗകര്യങ്ങളൊരുക്കാന്‍ മുന്നിട്ടിറങ്ങി. വിവരമറിഞ്ഞ് മന്ത്രി പി കെ ജയലക്ഷ്മി, സബ് കലക്ടര്‍ ശീറാം സാംബശിവറാവു, തഹസില്‍ദാര്‍ സജി ദാമോദര്‍ ജില്ലാ ആശുപത്രിയിലെത്തി.
അപകടത്തില്‍ പരിക്കേറ്റ മുഴുവന്‍ പേരെയും ഒപി ബ്ലോക്കിന്റെ മുകളിലത്തെ നിലയില്‍ താല്‍ക്കാലിക സംവിധാനമൊരുക്കി കിടത്തുകയാണ് ചെയ്തത്. ആവശ്യത്തിനു വീല്‍ചെയറുകള്‍ ലഭ്യമാവാത്തത് പതിവുപോലെ പരിക്കേറ്റവരെ കൊണ്ടുപോവുന്നതിനും തിരിച്ചെത്തിക്കുന്നതിനും തടസ്സമായി. ഇതു പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it