kannur local

ബസ് ബേകളെ നോക്കുകുത്തിയാക്കി സ്വകാര്യ ബസ്സുകള്‍

പയ്യന്നൂര്‍: ദേശീയ പാതയില്‍ നിര്‍മിച്ച ബസ്‌ബേകള്‍ സ്വകാര്യ ബസ്സുകള്‍ അവഗണിക്കുന്നു. ദേശീയ പാതയില്‍ തന്നെ ബസ് നിര്‍ത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുമ്പോള്‍ ലക്ഷങ്ങള്‍ നിര്‍മിച്ച് പൂര്‍ത്തിയാക്കിയ ബസ് ബേകള്‍ സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിങ് കേന്ദ്രങ്ങളാവുകയാണ്. ടി വി രാജേഷ് എംഎല്‍എ പ്രത്യേക താല്‍പര്യമെടുത്ത് ദേശീയ പാതയില്‍ പയ്യന്നൂരിനും പരിയാരത്തിനുമിടയില്‍ അലക്യം പാലം, ഏഴിലോട് ചകിയ, കോളനി സ്‌റ്റോപ്, ഏഴിലോട്, എടാട്ട് കോളജ് സ്‌റ്റോപ്പ് എന്നിവടങ്ങളിലാണ് ബസ് ബേകള്‍ നിര്‍മിച്ചത്. ദേശീയ പാതയിലെ ഗതാഗതക്കുരുക്കിനും ഇത്മൂല മുണ്ടാവുന്ന വാഹനാപകടങ്ങള്‍ക്കും പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ബസ് ബേകള്‍ നിര്‍മിച്ചത്. ഇതാണ് ബസ്സുകാര്‍ നോക്കുകുത്തികളാക്കുന്നത്. ദേശീയപാതയില്‍ നിന്ന് മാറി പാതയോരത്ത് നിര്‍മിച്ച ബേകള്‍ പ്രത്യേകം മാര്‍ക്ക് ചെയ്ത് തിരിച്ചിരുന്നു. ഒരു ബേ പോലും ഉപയോഗപ്പെടുത്തില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ആയുര്‍വേദ കോളജ് സ്‌റ്റോപ്പിലുണ്ടായിരുന്ന കാത്തിരിപ്പ് കേന്ദ്രം പൊളിച്ചാണ് ബസ്‌ബേ നിര്‍മിച്ചത്. ഇത് പുനസ്ഥാപിക്കാന്‍ നടപടിയുണ്ടായിട്ടില്ല. ഇതോടെ യാത്രക്കാര്‍ പൊരിവെയിലത്തുമായി. തൊട്ടടുത്ത കാഞ്ഞിരമരം മാത്രമാണ് ആശ്വാസം. ഉപയോഗിക്കാത്ത ബസ് ബേയ്ക്കു വേണ്ടി ഉപയോഗിക്കുന്ന കാത്തിരിപ്പു കേന്ദ്രം പൊളിച്ചത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇത് കരാറുകാരനെ കൊണ്ട് പുനര്‍സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്. നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോവുന്ന ദേശീയ പാതയില്‍ ബസ് നിര്‍ത്തി യാത്രക്കാരെ കയറ്റുന്നത് ഗതാഗതക്കുരുക്കിന് കാരണമാവുന്നുണ്ട്. പലപ്പോഴും മറ്റ് വാഹനങ്ങള്‍ക്ക് നിര്‍ത്തിയിടേണ്ടി വരുന്നുണ്ട്. ഇതൊഴിവാക്കാനുള്ള പ്രവൃത്തിയാണ് വൃഥാവിലായത്. ബന്ധപ്പെട്ടവര്‍ ഇടപെട്ട് ബസ് ബേ ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it