Kottayam Local

ബസ് നിയന്ത്രണംവിട്ട് മതിലിലിടിച്ച് 9 പേര്‍ക്ക് പരിക്ക്

ഈരാറ്റുപേട്ട: നിയന്ത്രണം വിട്ട സ്വകാര്യ ബസ് മതിലിലിടിച്ച് ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. പൂഞ്ഞാര്‍-പാലാ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ് ഇന്നലെ 1.30ഓടെ പൂഞ്ഞാര്‍ പനച്ചിപ്പാറ ചെമ്മരപ്പടിയിലാണ് അപകടത്തില്‍പെട്ടത്.
അപകടത്തില്‍ പരിക്കേറ്റ പൂഞ്ഞാര്‍ പനച്ചിപ്പാറ പാറപ്പള്ളില്‍ രാജപ്പന്‍ (67), മേച്ചാല്‍ അരീപ്ലാക്കല്‍ ഡാലിയ (35), അടിവാരം കൊട്ടാരത്തില്‍ ശിവദാസന്‍ (50), അടിവാരം വടക്കേടത്ത് വിലാസിനി (50), തീക്കോയി ഇഞ്ചിയാനിയില്‍ ശ്രീഥ് (35), അടിവാരം അറയ്ക്കക്കുന്നേല്‍ ജെസി തോമസ് (49) എന്നിവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും ഒരാളെ പാലായിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ടുപേരെ പ്രഥമശുശ്രൂഷക്കു ശേഷം വിട്ടയച്ചു. അപകട സ്ഥലത്തെത്തിയ നാട്ടുകാരും ഈരാറ്റുപേട്ട എസ്‌ഐ ടി ആര്‍ ജിജുവും രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി. അതേസമയം അപകടസമയത്ത് ബസ്സിലുണ്ടായിരുന്ന പൂഞ്ഞാര്‍ സ്വദേശിനി യുവതിയുടെ നാല് പവന്‍ വരുന്ന മാല മോഷണം പോയി. സംഭവത്തില്‍ തീക്കോയി ചേരിമല വേലംകുന്നേല്‍ ഷായി(50)യെ പോലിസ് അറസ്റ്റ് ചെയ്തു. മാല മോഷണം നടത്തിയ സ്ത്രീ അപകടസ്ഥലത്തിനു സമീപം മാല ഒളിച്ചു വച്ച ശേഷം പോയിരുന്നു. പിന്നീട് നാലു മണിക്കൂറുകള്‍ക്ക് ശേഷം സ്ഥലത്ത് തിരിച്ചെത്തിയ ഷായി മാലയ്ക്കായി തിരച്ചില്‍ നടത്തി. സംശയം തോന്നിയ നാട്ടുകാര്‍ വിവരം തിരക്കുകയും മാല സഹിതം ഷായിയെ പോലിസില്‍ ഏല്‍പ്പിക്കുകയും ആയിരുന്നു. പോലിസ് മാല ഷായില്‍ നിന്ന് കണ്ടെടുത്തു. മാല നഷ്ടപ്പെട്ട വിവരം യുവതി സ്ഥലത്തെത്തിയ പോലിസിനെ അറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it