ernakulam local

ബസ് ടെര്‍മിനല്‍; പദ്ധതിവിഹിതം വകമാറ്റിയത് വന്‍കിട കരാറുകാരനെ സഹായിക്കാനെന്ന്

കളമശ്ശേരി: നഗരസഭ കിന്‍ഫ്ര അനുവദിച്ച ഭൂമിയില്‍ ബസ് ടെര്‍മിനല്‍ നിര്‍മിക്കാനുള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ വിഹിതത്തില്‍നിന്നും 9,700,900 രൂപ വകമാറ്റിയത് വന്‍കിട കരാറുകാരനെ സഹായിക്കാന്‍ വേണ്ടിയാണെന്ന് ഓള്‍ കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എച്ച് മുഹമ്മദും ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി പി കെ ഇബ്രാഹിമും യൂനിറ്റ് പ്രസിഡന്റ് കെ എ ജമാലുദ്ദീനും ആരോപിച്ചു.
സാധാരണക്കാരായ കരാറുകാര്‍ക്ക് നഗരസഭയില്‍ പണിയെടുത്ത വകയില്‍ ഏകദേശം 13 കോടിരൂപ കൊടുത്തുതീര്‍ക്കാന്‍ ഉള്ളപ്പോഴാണ് ബസ് ടെര്‍മിനല്‍ നിര്‍മിക്കുന്നതിന് പ്ലാന്‍ ഫണ്ടില്‍നിന്നും 97 ലക്ഷംരൂപ നീക്കിവച്ചിരുന്നത്. എന്നാല്‍ ബസ് സ്റ്റാന്റ് നിര്‍മാണം നടന്നില്ല എന്നതുകൊണ്ട് ഈ തുക സാധാരണക്കാരായ കരാറുകാര്‍ക്ക് കുടിശിഖ തീര്‍ക്കാന്‍ വകമാറ്റാതെ വന്‍കിട കോണ്‍ട്രാക്ടറെ സഹായിക്കുന്നതിനുവേണ്ടി മള്‍ട്ടിപര്‍പ്പസ് സ്റ്റേഡിയത്തിന്റെ നിര്‍മാണത്തിലേക്ക് വകമാറ്റിയത്.
ഇതൊരിക്കലും നീതീകരിക്കാന്‍ ആവുന്നതല്ലെന്ന് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തി. പ്ലാന്‍ ഫണ്ടും മുനിസിപ്പല്‍ ഫണ്ടും കൂടി ഉള്‍പ്പെടുത്തുന്നതുകൊണ്ടാണ് ഇത്രയും കുടിശ്ശിഖ ഉണ്ടായതെന്ന് കരാറുകാര്‍ കുറ്റപ്പെടുത്തി. മരാമത്ത് പണികള്‍ക്ക് മതിയായ ഫണ്ട് നീക്കിവച്ചതിനുശേഷം മാത്രമേ വര്‍ക്കുകള്‍ ടെന്‍ഡര്‍ ചെയ്യാവൂവെന്ന് കോടതി നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍ ഈ നിര്‍ദേശം നഗരസഭ പാലിക്കുന്നില്ലെന്നും കരാറുകാര്‍ കുറ്റപ്പെടുത്തി.
നാടിന്റെ വികസനത്തില്‍ പങ്കാളികളാവുന്ന കരാറുകാര്‍ കുടിശ്ശിഖ മൂലം പൊറുതിമുട്ടുമ്പോഴും ബാങ്കിന്റെയും മറ്റും ജപ്തി ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ നിരാലംബരായ നഗരസഭയിലെ കരാറുകാര്‍ക്ക് വകമാറ്റിയ 97 ലക്ഷംരൂപ വകകൊള്ളിച്ച് നല്‍കണമെന്ന് ഓള്‍കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ കളമശ്ശേരി നഗരസഭയോട് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it