kozhikode local

ബസ് കണ്ടക്ടര്‍മാര്‍ക്ക് നെയിംപ്ലേറ്റ്; നിര്‍ദേശം കടലാസിലൊതുങ്ങി

കോഴിക്കോട്: സംസ്ഥാനത്തെ സ്വകാര്യ ബസ്സുകളിലെ കണ്ടക്ടര്‍മാര്‍ നെയിംപ്ലേറ്റ് ധരിക്കണമെന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദേശം കടലാസിലൊതുങ്ങി. ബസ്സുകളില്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ നിര്‍ദേശമാണ് അഞ്ചുവര്‍ഷം പിന്നിട്ടിട്ടും നടപ്പാവാതെ കിടക്കുന്നത്. 2011 മാര്‍ച്ചില്‍ അന്നത്തെ ട്രന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരുന്ന ഋഷിരാജ് സിങാണ് ഇങ്ങനെയൊരു ഉത്തരവ് പുറപ്പെടുവിച്ചത്. സ്വകാര്യ ബസ്സുകളിലെ കണ്ടക്ടര്‍മാരുടെ ശല്യം അതിരുകടക്കുന്നുവെന്നാരോപിച്ച് ഒരുകൂട്ടം പെണ്‍കുട്ടികളും സ്ത്രീകളും നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. അതിക്രമം കാട്ടുന്ന ജീവനക്കാരനെതിരേ പോലിസിലോ മറ്റോ പരാതി നല്‍കണമെങ്കില്‍ കണ്ടക്ടറുടെ പേരെങ്കിലും തിരിച്ചറിയാന്‍ ഉപകരിക്കുമെന്നതിനാലാണ് ഇത്തരമൊരു നിര്‍ദേശം പുറപ്പെടുവിച്ചത്. സ്‌കൂള്‍ വിദ്യാര്‍ഥിനികളും പെണ്‍കുട്ടികളും യാത്രയ്ക്കിടെ നേരിടുന്ന അതിക്രമങ്ങള്‍ പലപ്പോഴും പരാതി പറയാന്‍ പോലും തെളിവില്ലാതെ ഒതുങ്ങുകയാണു ചെയ്യുന്നത്. പ്രത്യേകിച്ച് സ്വകാര്യ ബസ്സുകളില്‍ കണ്ടക്ടര്‍മാര്‍ മാറിമാറി വരുന്നതിനാല്‍ അവരുടെ പേരോ മറ്റോ അറിയുക അസാധ്യമാണു താനും. ഇത്തരമൊരു സാഹചര്യത്തില്‍ അതിക്രമമുണ്ടായാല്‍ പോലിസിലോ വനിതാ സെല്ലിലോ ആര്‍ടിഒയ്‌ക്കോ പരാതി നല്‍കാന്‍ തടസ്സമാവരുതെന്നു മനസ്സിലാക്കിയാണ് കണ്ടക്ടര്‍മാര്‍ പോലിസുകാരുടേത് പോലെ നെയിം പ്ലേറ്റ് ധരിക്കണമെന്നു നിര്‍ദേശിച്ചത്. ഷര്‍ട്ടിന്റെ ഇടതു ഭാഗത്ത്, പോക്കറ്റിന് മുകളിലായി പ്ലാസ്റ്റിക് കൊണ്ടോ തുണികൊണ്ടോ ഉണ്ടാക്കിയ നെയിം പ്ലേറ്റ് വയ്ക്കണമെന്നാണ് നിര്‍ദേശം. തുടക്കത്തില്‍ ചില സ്ഥലങ്ങളിലെങ്കിലും നടപ്പായെങ്കിലും ലംഘിക്കുന്നവര്‍ക്കെതിരേ നടപടിയൊന്നുമെടുക്കാതായതോടെ നിലച്ചു. ചിലയിടങ്ങളില്‍ ആര്‍ടിഒ അന്ത്യശാസനം നല്‍കിയെങ്കിലും ഫലമുണ്ടായിരുന്നില്ല. ബസ്സുടമകളും ഇക്കാര്യത്തില്‍ അനാസ്ഥ കാണിക്കുകയായിരുന്നു. കണ്ണൂരില്‍ 2013 ഡിസംബറില്‍ നെയിംപ്ലേറ്റ് കര്‍ശനമാക്കി കൊണ്ട് ആര്‍ടിഒ ഉത്തരവിറക്കിയിരുന്നു. എന്നിട്ടും ഫലമൊന്നുമുണ്ടായില്ല. നെയിം പ്ലേറ്റ് ധരിക്കാത്ത കണ്ടക്ടര്‍മാര്‍ക്ക് ആദ്യഘട്ടത്തില്‍ 1000 രൂപ പിഴ ഈടാക്കണമെന്നാണു ഉത്തരവില്‍ പറയുന്നത്. വീണ്ടും നിയമം ലംഘിച്ചാല്‍ കണ്ടക്ടറുടെ ലൈസെന്‍സ് തന്നെ റദ്ദാക്കാനും നിയമത്തില്‍ വകുപ്പുണ്ട്. എന്നാല്‍ മോട്ടോര്‍ വാഹന വകുപ്പ് ഇത്തരം പരിശോധനകളൊന്നും നടത്തിയിട്ടില്ല. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ സ്വാഭാവികമായും വിദ്യാര്‍ഥിനികളില്‍ നിന്നും മറ്റും ബസ്സുകളിലെ അതിക്രമം സംബന്ധിച്ച പരാതികള്‍ ഉയരുമെന്നുറപ്പാണ്.
Next Story

RELATED STORIES

Share it