malappuram local

ബസ്സുകളുടെ മല്‍സരയോട്ടത്തിന് കാരണം കലക്ഷന്‍ ബത്ത: ആര്‍ടിഒ

മലപ്പുറം: ബസ് ജീവനക്കാരുടെ കൈയാങ്കളിക്കും മല്‍സരയോട്ടത്തിനും കാരണം കലക്ഷന്‍ ബത്തയാണെന്ന് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ എം പി അജിത്കുമാര്‍ പറഞ്ഞു. ബസ് ജീവനക്കാരുടെ ശമ്പളം അതത് ദിവസം ബസ്സിനു ലഭിക്കുന്ന കലക്ഷന് ആനുപാതികമായിട്ടാണ് നല്‍കുന്നത്. മല്‍സരിച്ച് ഓടി മറ്റ് ബസ്സുകളില്‍ കയറേണ്ട യാത്രക്കാരെ സ്വന്തം ബസ്സില്‍ കയറ്റിയാല്‍ മാത്രമെ മതിയായ വേതനം ലഭിക്കൂവെന്ന അവസ്ഥയാണ് ജില്ലയിലുള്ളത്.
കോഴിക്കോട് ജില്ലയില്‍ ബസ്സുടമകളുടെ അഞ്ചു സൊസൈറ്റികളുണ്ടാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ സൊസൈറ്റികളുള്ള ബസ് റൂട്ടില്‍ ജീവനക്കാര്‍ക്ക് ശമ്പളമാണ് നല്‍കുന്നത്. കലക്ഷന്‍ ബത്തയെക്കുറിച്ച് ഒരു വര്‍ഷം മുമ്പ് ജില്ലാ ലേബര്‍ ഓഫിസറുമായി ചര്‍ച്ച നടത്തുകയും ജില്ലയില്‍ മാത്രമായി ഇക്കാര്യം നടപ്പാക്കാന്‍ പ്രയാസമുള്ളതിനാല്‍ സംസ്ഥാനം മുഴുവന്‍ നടപ്പാക്കാന്‍ കേരള റോഡ് സേഫ്റ്റി അതോരിറ്റിക്ക് ശുപാര്‍ശ നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് ആര്‍ടിഒ പറഞ്ഞു. ഇതില്‍നിന്നു ജനങ്ങളുടെ ശ്രദ്ധതിരിക്കാന്‍ വേണ്ടിയാണ് ബസ്സുടമകള്‍ ടൈമിങ് കോണ്‍ഫറന്‍സിനെ കുറ്റപ്പെടുത്തുന്നതെന്ന് ആര്‍ടിഒ അറിയിച്ചു. ജില്ലയില്‍ കൂടുതല്‍ ചെറിയ ബസ്സുകളാണ് ഓടുന്നത്. ചെറിയ ബസ്സുകള്‍ക്ക് സീറ്റിങ് കപ്പാസിറ്റി 23,28 എന്നീ തരത്തിലാണ്. എന്നാല്‍, എല്ലാ ബസ്സുകളിലും 50 യാത്രക്കാരില്‍ കൂടുതലും സ്‌കൂള്‍ സമയങ്ങളില്‍ കുട്ടികളടക്കം 60 പേരുമായാണ് ഓടുന്നത്. ഇത്തരത്തില്‍ ഓവര്‍ലോഡ് എടുത്ത് അമിതമായ ലാഭം ഉണ്ടാക്കുന്നുണ്ട്. ബസ്സുടമകള്‍ തന്നെയാണ് പുതിയ റൂട്ടുകള്‍ക്ക് അപേക്ഷ നല്‍കുന്നത്. അപേക്ഷകള്‍ പരിഗണിച്ചില്ലെങ്കില്‍ യാത്രക്കാരുടെ താല്‍പര്യങ്ങള്‍ക്ക് പരിഗണന ഇല്ലാതാവുകയും അവര്‍ സ്വകാര്യ വാഹനങ്ങള്‍ ഓടിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യും. അഞ്ചു മിനുട്ടു മാത്രം വ്യത്യാസമുള്ള സ്ഥലങ്ങളിലും ഓവര്‍ലോഡായാണ് ബസ്സുകള്‍ സര്‍വീസ് നടത്തുന്നതെന്നും ആര്‍ടിഒ പറഞ്ഞു.
Next Story

RELATED STORIES

Share it