ബസ്സിടിച്ച് യുവാവ് മരിച്ച സംഭവം മൃതദേഹവുമായി റോഡ് ഉപരോധിച്ചു

സ്വന്തം പ്രതിനിധി

കോഴിക്കോട്: ബൈക്ക് യാത്രക്കാരനായ യുവാവ് ബസ്സിടിച്ചു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ചൊവ്വാഴ്ച മരിച്ച നടക്കാവ് പണിക്കര്‍ റോഡ് കുന്നുമ്മലില്‍ ജ്യോതിഷ് വീട്ടില്‍ അലോഷ്യസ് ജയിംസിന്റെ (21) മൃതദേഹവുമായിട്ടായിരുന്നു ഗാന്ധി റോഡില്‍ ഏകദേശം 20 മിനിറ്റോളം ഉപരോധം നടത്തിയത്. ബസ് ഡ്രൈവര്‍ക്കെതിരേ കര്‍ശന നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം. ഡ്രൈവര്‍ ഒളിവിലാണെന്നും 304 എ വകുപ്പ് ഉള്‍പ്പെടുത്തി നരഹത്യക്ക് കേസെടുക്കുമെന്നും കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കാനാണ് പോലിസ് തീരുമാനിച്ചതെന്നും ട്രാഫിക് സി ഐ ദിനേശന്‍ കോറോത്ത് പറഞ്ഞു. ബസ് ഡ്രൈവര്‍ക്ക് വേണ്ടിയുളള തിരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ബസ് സിറ്റി ട്രാഫിക് പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വെസ്റ്റ്ഹില്‍ വിക്രം മൈതാനിക്ക് സമീപം കാര്‍സ്പായില്‍ വര്‍ക്‌ഷോപ് ജീവനക്കാരനായിരുന്നു അലോഷ്യസ്. കൊയിലാണ്ടി-കോഴിക്കോട് റൂട്ടിലോടുന്ന കെ എല്‍ 58 4014 അനഘ ബസ്സാണ് അപകടത്തിനിടയാക്കിയത്. വെസ്റ്റ്ഹില്‍ ചുങ്കത്താണ് അപകടം നടന്നത്. അശ്രദ്ധമായ രീതിയില്‍ മറികടന്ന് നടുറോഡില്‍ ആളെയിറക്കിയത് സംബന്ധിച്ച് അലോഷ്യസും ഡ്രൈവറും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതില്‍ പ്രകോപിതനായ അലോഷ്യസ് ബൈക്കില്‍ പിന്തുടര്‍ന്നെത്തി ഇക്കാര്യം ക്ലീനറോട് ചോദ്യം ചെയ്തു. എന്നാല്‍, വിശദീകരണത്തിന് പോലും കാത്തുനില്‍ക്കാതെ ക്ലീനര്‍ ഡബിള്‍ ബെല്ലടിച്ച് ബസ് വിട്ടു. തുടര്‍ന്ന് വീണ്ടും ചോദ്യം ചെയ്യാന്‍ ബൈക്കില്‍ പിന്തുടര്‍ന്ന അലോഷ്യസ് ചുങ്കത്ത് വച്ച് ഒരു വശത്തുകൂടി ഓവര്‍ടേക്ക് ചെയ്ത് ബസ്സിന് മുന്നിലെത്തി. എന്നാല്‍ അലോഷ്യസ് മുന്നിലുണ്ടെന്നത് കാര്യമാക്കാതെ ക്ലീനര്‍ ഡബിള്‍ ബെല്ലടിക്കുകയും ഡ്രൈവര്‍ ബസ് മുന്നോട്ടെടുക്കുകയുമായിരുന്നു.
നിലത്ത് വീണ അലോഷ്യസിന്റെ ഹെല്‍മറ്റ് ധരിച്ച തലയ്ക്ക് മുകളിലൂടെ ബസ്സിന്റെ ചക്രം കയറിയിറങ്ങുകയും തല്‍ക്ഷണം മരിക്കുകയുമായിരുന്നു. അപകടം നടന്നയുടന്‍ തന്നെ ഡ്രൈവറും കണ്ടക്ടറും ക്ലീനറും ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ പ്രകോപിതരായ നാട്ടുകാര്‍ ബസ് തല്ലിത്തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പോലിസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. നടുറോഡില്‍ ബസ് നിര്‍ത്തി ആളെയിറക്കാന്‍ ശ്രമിച്ചതിനെ ചൊല്ലി അലോഷ്യസുമായി അപകടത്തിന് തൊട്ടുമുമ്പ് വാക്കേറ്റമുണ്ടായിരുന്നു. പരേതനായ ജനീറ്റര്‍ ലിനലിന്റെയും ലിസി അലോഷ്യസിന്റെയും മകനാണ് അലോഷ്യസ്.
Next Story

RELATED STORIES

Share it