thiruvananthapuram local

ബഷീറിന്റെ ദുരൂഹമരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്ന് ബന്ധുക്കള്‍

ബാലരാപുരം: ഷോപ്പിങ് കോംപ്ലക്‌സ് ഉടമയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്ന് ബന്ധുക്കള്‍. ഷോപ്പിങ് കോംപ്ലക്‌സ് ഉടമയും കാരയ്ക്കാമണ്ഡപം ജങ്ഷനില്‍ ബിഎന്‍എ ഷോപ്പിങ് കോംപ്ലക്‌സില്‍ താമസക്കാരനുമായ ബഷീര്‍ (53)നെയാണ് ദുരൂഹസാഹചര്യത്തില്‍ പുല്ലുവിള പള്ളത്തിന് സമീപം ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഫെബ്രുവരി രണ്ടാം തിയ്യതി രാത്രി 7.30 ഓടെ വീട്ടില്‍ നിന്നു പുറത്ത്‌പോയ ബഷീര്‍ മടങ്ങി എത്താത്തതിനാല്‍ ഭാര്യ ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍ അപരിചിതനായ ഒരാള്‍ ഫോണ്‍ എടുക്കുകയും വഴിയില്‍ നിന്ന് കിട്ടിയതാണെന്ന് പറയുകയും ചെയ്തു. മൃതദേഹം കിടന്നിടത്ത് നിന്നു രണ്ടര കിലോമീറ്റര്‍ മാറിയാണ് മൊബൈല്‍ ഫോണ്‍ കിട്ടിയത്.
ഭാര്യ അറിയിച്ചതനുസരിച്ച് മൊബൈല്‍ ഫോണ്‍ പുല്ലുവിളയിലെ ബന്ധുവിനെ ഏല്‍പ്പിക്കുകയായിരുന്നു. രാത്രി 12.30 ആയിട്ടും മടങ്ങി വരാത്തതിനാല്‍ ബന്ധുക്കള്‍ നേമം പോലിസിന് പരാതിയും നല്‍കി. ഓടയില്‍ മരിച്ച നിലയില്‍ കിടന്ന ബഷീറിന്റെ പോക്കറ്റില്‍ ബൈക്കിന്റെ താക്കോലും ഉണ്ടായിരുന്നു. തുടര്‍ന്ന് മൂന്നാം തിയ്യതി രാവിലെ 7.30നാണ് വീട്ടുകാര്‍ക്ക് ബഷീര്‍ മരിച്ച വിവരം ലഭിക്കുന്നത്. പള്ളത്തിന് സമീപം ഓടയില്‍ വീണ നിലയിലായിരുന്നു ബഷീറിന്റെ മൃതദേഹം കണ്ടെത്തിയത്. മൂക്കില്‍ നിന്നും രക്തം ഒലിച്ചിരുന്നതും, രണ്ടരകിലോമീറ്റര്‍ അകലെ നിന്നും മൊബൈല്‍ ഫോണ്‍ കിട്ടിയതും പാപ്പനംകോട് ജങ്ഷനില്‍ നിന്നും ബൈക്ക് കണ്ടെത്തിയതും മരണത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്.
കാരയ്ക്കമണ്ഡപത്ത് ഷോപ്പിങ് കോംപ്ലക്‌സിലെ ഓഫിസില്‍ അധികവും ചിലവഴിക്കാനുള്ള ബഷീറിനെ കുറിച്ച് നാട്ടുകാര്‍ക്ക് നല്ല അഭിപ്രായമാണുള്ളത്. നാട്ടുകാരുമായി അടുത്ത് ബന്ധമുള്ള ബഷീറിന്റെ ദുരൂഹമരണത്തില്‍ നാട്ടുകാരും കുടുംബക്കാരും ഇരുവരെ ഞെട്ടലില്‍ നിന്നും മുക്തരായിട്ടില്ല. സംഭവം നടന്ന സ്ഥലത്ത് നെയ്യാറ്റിന്‍കര ഡിവൈഎസ്പി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ പോലിസും വിരലടയാള വിദഗ്ധരും തെളിവും ശേഖരിച്ചുവെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല.
മൃതദേഹം കിടന്നത് കാഞ്ഞിരംകുളം പോലിസ് സ്‌റ്റേഷന്‍ പരിധിയിലും ബൈക്കിരുന്നത് കരമന സ്റ്റേഷന്‍ പരിധിയിലും കാണാനില്ലെന്ന് പരാതി ലഭിച്ചത് നേമം സ്റ്റേഷന്‍ പരിധിയിലുമാണ്. സ്റ്റേഷന്‍ പരിമിധികള്‍ പറഞ്ഞ് അന്വേഷണം ഊര്‍ജ്ജിതമാക്കാത്ത സാഹചര്യത്തിലാണ് ബഷീറിന്റെ മരണത്തിലെ ദുരൂഹതകള്‍ പുറത്ത് കൊണ്ടുവരാന്‍ ക്രൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷിക്കണമെന്ന ആവശ്യവുമായി ബന്ധുക്കളും നാട്ടുകാരും രംഗത്ത് വന്നിരിക്കുന്നത്.
Next Story

RELATED STORIES

Share it