Gulf

ബശ്ശാറുല്‍ അസദിനെതിരേ ഖത്തറില്‍ സിറിയക്കാരുടെ റാലി

ദോഹ: സിറിയന്‍ സ്വേഛാധിപതി ബശ്ശാറുല്‍ അസദിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തി ഖത്തറിലെ സിറിയന്‍ സമൂഹം ഐക്യദാര്‍ഢ്യറാലി നടത്തി. ആലപ്പോയിലെ കൊലപാതകങ്ങളില്‍ പ്രതിഷേധിക്കാനും പ്രശ്‌നത്തില്‍ രാജ്യാന്തര സമൂഹത്തിന്റെയും അറബ് രാജ്യങ്ങളുടെയും ഇടപെടല്‍ ആവശ്യപ്പെട്ടുമായിരുന്നു മാര്‍ച്ച്. ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിലെ അല്‍ഖലീഫ യാര്‍ഡില്‍ വ്യാഴാഴ്ച വൈകീട്ട് നടന്ന മാര്‍ച്ചില്‍ നൂറ് കണക്കിനു സിറിയന്‍ പ്രവാസികള്‍ പങ്കെടുത്തു. 'അസദ് സിറിയയെ കത്തിക്കുന്നു'എന്ന മുദ്രാവാക്യവുമായാണ് മാര്‍ച്ച് നടന്നത്. വനിതകള്‍ക്കും കുട്ടികള്‍ക്കും പുറമെ സിറിയയില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തുന്നവരും മാര്‍ച്ചില്‍ അണിചേര്‍ന്നു.
ആലപ്പോയില്‍ സിറിയന്‍ ഭരണകൂടം സാധാരണക്കാരെ ബോംബിട്ട് കൊല്ലുകയാണ്. അസദ് ഭരണകൂടം നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ ലോക ശ്രദ്ധ ആകര്‍ഷിക്കാനും സിറിയന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം അറിയിക്കാനുമാണ് മാര്‍ച്ച് സംഘടിപ്പിച്ചതെന്ന് ഖത്തറിലെ സിറിയന്‍ അംബാസഡര്‍ നിസാര്‍ അല്‍ഹരാക്കി പറഞ്ഞു. സമരത്തില്‍ ഒന്നിച്ച് അണിചേരണമെന്ന് സിറിയന്‍ ജനതയോട് അഭ്യര്‍ഥിച്ച അദ്ദേഹം അക്രമികളുടെ ഭരണത്തെ ജനങ്ങള്‍ പിന്തുണയ്ക്കില്ലെന്നും അവരുമായി ചര്‍ച്ച ചെയ്യുന്നതില്‍ കാര്യമില്ലെന്നും പറഞ്ഞു. സിറിയന്‍ ജനതയുടെ താല്‍പര്യത്തിന് എതിരായി അക്രമികളെ പിന്തുണയ്ക്കുന്ന റഷ്യയുടെയും ഇറാന്റെയും നിലപാടുകളെ അദ്ദേഹം തള്ളി. അത്തരം നിലപാടുകളോട് പ്രതിഷേധമാണുള്ളതെന്ന് അല്‍ഹരാക്കി പറഞ്ഞു.
സിറിയ എപ്പോഴും ഒറ്റ രാജ്യമായിരിക്കും. അത് വിഭജിക്കാനുള്ള എല്ലാ ശ്രമങ്ങളെയും ജനങ്ങള്‍ തള്ളിക്കളയും. ഈ വിഷമഘട്ടത്തില്‍ സിറിയന്‍ ജനതയ്ക്ക് നല്‍കുന്ന പിന്തുണയ്ക്ക് അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിക്കും ഖത്തര്‍ ജനതയ്ക്കും നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിറിയന്‍ ജനതയ്ക്ക് ആരോഗ്യസഹായം എത്തിക്കുമെന്ന് സിറിയന്‍ ഡോക്‌ടേര്‍സ് ഇന്‍ ഡയസ്‌പോറ( സെമ) ചെയര്‍മാന്‍ ഡോ. അഹ്മദ് മുസ്തഫ പറഞ്ഞു. സിറിയന്‍ കമ്യൂണിറ്റി പ്രസിഡന്റ് ഐമന്‍ സവി, എഴുത്തുകാരും മാധ്യമപ്രവര്‍ത്തകനുമായ അഹ്മദ് മുവഫിക് സെയ്ദാനി, ഡോ. ഹനാന്‍ ഈസ് അബ്ദുല്‍ ദാഹിര്‍, സിറിയന്‍ സ്‌കൂള്‍ ഡയറക്ടര്‍ ശെയ്ഖ് അബ്ദുല്‍ ഖാദിര്‍ അല്‍ഖതീബ് സംസാരിച്ചു.
Next Story

RELATED STORIES

Share it