World

ബശ്ശാറിനെ ആക്രമിക്കണം: യുഎസ് നയതന്ത്രജ്ഞര്‍

വാഷിങ്ടണ്‍: ബറാക് ഒബാമയുടെ സിറിയന്‍ നയത്തില്‍ യുഎസ് നയതന്ത്രജ്ഞരുടെ പ്രതിഷേധം. സര്‍ക്കാരിന്റെ സിറിയന്‍ നയങ്ങളെ വിമര്‍ശിച്ചും സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെതിരേ ആക്രമണം നടത്തണമെന്നുമാവശ്യപ്പെട്ടുകൊണ്ടുള്ള വിയോജനക്കുറിപ്പില്‍ 50ലധികം യുഎസ് നയതന്ത്രജ്ഞര്‍ ഒപ്പുവച്ചു. ഇടത്തരം മുതല്‍ ഉന്നതനിലയിലിരിക്കുന്നവര്‍ വരെയുള്ള 51 സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരാണ് ഇതില്‍ ഒപ്പുവച്ചത്.
സിറിയന്‍ ഉപദേശകസമിതി അംഗങ്ങളും ഇതില്‍ പെടും. സിറിയയില്‍ ഐഎസിനെയും മറ്റു സായുധസംഘങ്ങളെയുമാണ് യുഎസ് സൈന്യം ലക്ഷ്യം വച്ചിരുന്നത്. എന്നാല്‍, പ്രതിപക്ഷത്തെ ആക്രമിക്കാന്‍ അസദ് സര്‍ക്കാരിന് പിന്തുണ നല്‍കുന്നതിനു തുല്യമാണ് ഇപ്പോഴത്തെ ഒബാമയുടെ നയമെന്നും ഇത് അസദിനെ അധികാരത്തില്‍ തുടരാന്‍ അനുവദിക്കുന്നതാണെന്നും നയതന്ത്രജ്ഞര്‍ ആരോപിച്ചു. സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റില്‍ വിയോജനക്കുറിപ്പ് ഒപ്പുവയ്ക്കുന്നത് അസാധാരണമല്ല. എന്നാല്‍, വൈറ്റ്ഹൗസിനെതിരേ ഇത്രയധികം നയതന്ത്രജ്ഞര്‍ ശബ്ദമുയര്‍ത്തുന്നത് ഇതാദ്യമായാണ്. വിയോജനക്കുറിപ്പ് കൈപ്പറ്റിയതായി വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. എന്നാല്‍, സംഭവത്തോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
റഷ്യന്‍ പിന്തുണ ലഭിച്ച ഒരു വര്‍ഷത്തിനിടെ അസദ് സര്‍ക്കാര്‍ കൂടുതല്‍ ശക്തരായതായി സിഐഎ മേധാവി ജോണ്‍ ബ്രണ്ണന്‍ ഇന്നലെ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it