ബലാല്‍സംഗ കേസുകള്‍ ഗണ്യമായി വര്‍ധിച്ചെന്ന് ഉന്നതതല സമിതി റിപോര്‍ട്ട്

തിരുവനന്തപുരം: ഇന്ത്യയില്‍ ബലാല്‍സംഗ കേസുകള്‍ ഇരട്ടിച്ചതായി കേന്ദ്രസര്‍ക്കാരിന്റെ ഉന്നതതല സമിതി റിപോര്‍ട്ട്. 2001ല്‍ 16,075 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാനത്ത് കഴിഞ്ഞവര്‍ഷം 36,735 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇക്കാലയളവില്‍ വിവാഹിതരായ സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണം 49,170ല്‍നിന്ന് 1,22,877 ആയി വര്‍ധിച്ചതായും റിപോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു. ജെന്‍ഡര്‍ പാര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ കോവളത്തു നടക്കുന്ന പ്രഥമ ലിംഗസമത്വ രാജ്യാന്തര സമ്മേളനത്തിലായിരുന്നു റിപോര്‍ട്ട് അവതരിപ്പിച്ചത്. മുന്‍ രാഷ്ട്രപതി പ്രതിഭ പാട്ടീലിന്റെ നിര്‍ദേശമനുസരിച്ചാണ് റിപോര്‍ട്ട് തയ്യാറാക്കിയത്. 1971നുശേഷം ഇതാദ്യമായാണ് ഇത്തരമൊരു റിപോര്‍ട്ട് തയ്യാറാക്കുന്നത്.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വീട്ടില്‍നിന്നാണ് ആരംഭിക്കുന്നതെന്ന് റിപോര്‍ട്ട് അവതരിപ്പിച്ചുകൊണ്ട് സമിതി അധ്യക്ഷ പാം രാജ്പുത് പറഞ്ഞു. സ്ത്രീകളുടെ നിയമ, രാഷ്ട്രീയ, വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക, സാംസ്‌കാരിക പശ്ചാത്തലമനുസരിച്ച് നയപരമായ ഇടപെടലുകള്‍ നടത്തുന്നതിനുള്ള ശ്രമമാണ് റിപോര്‍ട്ട്.
ആരോഗ്യമേഖലയില്‍ 142 ലോകരാജ്യങ്ങളുടെ പട്ടികയില്‍ 141 ആണ് ഇന്ത്യയുടെ സ്ഥാനം. പൊതുജനാരോഗ്യത്തിനുള്ള ചെലവ് 4.5 ശതമാനം വര്‍ധിപ്പിക്കണമെന്ന് സമിതി ശുപാര്‍ശ ചെയ്തു. ലോകത്തില്‍ തൊഴിലിടങ്ങളിലെ ലിംഗഭേദം ഏറ്റവും കൂടുതലുള്ളത് ഇന്ത്യയിലാണ്. മൊത്തം തൊഴില്‍ശക്തിയുടെ 25 ശതമാനം മാത്രമാണ് സ്ത്രീകള്‍. ഇവരില്‍ 15 ശതമാനം മാത്രമാണ് നഗരപ്രദേശങ്ങളിലുള്ളത്. ഈ ന്യൂനത പരിഹരിക്കണമെങ്കില്‍ സാമൂഹികനയങ്ങളുമായി സൂക്ഷ്മസാമ്പത്തിക നയങ്ങളെ സമന്വയിപ്പിക്കേണ്ടതുണ്ട്. പൊതുസേവന മേഖലയില്‍ സന്നദ്ധസേവനം നടത്തുന്ന സ്ത്രീകള്‍ക്ക് കുറഞ്ഞകൂലി നല്‍കുന്നതിനെക്കുറിച്ചും പരിശോധിക്കേണ്ടതുണ്ട്. ആരെയും ഭയക്കാതെ ജീവിതം അഭിമുഖീകരിക്കുകയെന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ദുഷ്‌കരമായി മാറിയിരിക്കുന്നതായും സമിതി അധ്യക്ഷ പറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക ബജറ്റ് വേണം.
നയരൂപീകരണത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്നും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ പ്രാദേശികവല്‍ക്കരിക്കണമെന്നും റിപോര്‍ട്ട് ആവശ്യപ്പെടുന്നു. ലിംഗാനുപാതം കുറഞ്ഞുവരുന്നതിനെക്കുറിച്ചും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളെക്കുറിച്ചും സാമ്പത്തിക ശാക്തീകരണമില്ലായ്മ, സ്ത്രീകളനുഭവിക്കുന്ന ദാരിദ്ര്യം എന്നിവയെക്കുറിച്ചും സമിതി റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. യുഎന്‍ വിമെന്‍ കോ- ഓഡിനേഷന്‍ സീനിയര്‍ അഡൈ്വസര്‍ അപര്‍ണ മെഹ്‌റോത്ര, ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് ആന്റ് റിസര്‍ച്ച് ചെയര്‍പേഴ്‌സന്‍ ബിന്ദു ആനന്ദ്, സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓണററി അംഗം മൃദുല്‍ ഈപ്പന്‍, ഇന്റര്‍ നാഷനല്‍ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ വിമന്‍ റീജ്യനല്‍ ഡയറക്ടര്‍ ഡോ. രവി വര്‍മ എന്നിവരും സെഷനില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it