ബര്‍ദന്റെ വേര്‍പാട് ഇടതുപക്ഷ മതനിരപേക്ഷ പ്രസ്ഥാനത്തിന് നഷ്ടമെന്ന് വിഎസ്

തിരുവനന്തപുരം: രാജ്യത്തെ ഇടതുപക്ഷ മതനിരപേക്ഷ പ്രസ്ഥാനത്തിന് അപരിഹാര്യമായ നഷ്ടമാണ് എ ബി ബര്‍ദന്റെ വേര്‍പാടിലൂടെ ഉണ്ടായിട്ടുള്ളതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ഏഴരപ്പതിറ്റാണ്ട് ദൈര്‍ഘ്യമുള്ള കമ്മ്യൂണിസ്റ്റ് പോരാട്ടത്തിന്റെ ഉത്തമ മാതൃകയായിരുന്നു ബര്‍ദന്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും പുരോഗമന ജനാധിപത്യ പ്രസ്ഥാനത്തിന്റെയും വളര്‍ച്ചയ്ക്കുവേണ്ടി ജീവിതം മുഴുവന്‍ സമര്‍പ്പിച്ച നേതാവായിരുന്നു അദ്ദേഹം. രാജ്യം മുഴുവന്‍ ഇടതുപക്ഷ- മതനിരപേക്ഷ പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതില്‍ ബര്‍ദന്‍ വഹിച്ച പങ്ക് അവിസ്മരണീയമാണ്.
ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും യോജിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്‍കാനും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. സുദീര്‍ഘമായ 16 വര്‍ഷം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുമ്പോഴും കമ്മ്യൂണിസ്റ്റുകാരന്റെ ലളിതമായ ജീവിതവും സ്‌നേഹസൗമനസ്യങ്ങളോടെയുള്ള പെരുമാറ്റവും കൊണ്ട് എല്ലാവരുടെയും സ്‌നേഹാദരങ്ങള്‍ പിടിച്ചുപറ്റാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ടെന്നും വിഎസ് പറഞ്ഞു.
Next Story

RELATED STORIES

Share it