ബയേണ്‍-ഡോട്മുണ്ട് പോര് ബലാബലം (0-0)

മ്യൂണിക്ക്: ജര്‍മന്‍ ലീഗിലെ വമ്പന്‍മാരുടെ മാറ്റുരയ്ക്കല്‍ ബലാബലം. നിലവിലെ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്കും മുന്‍ ജേതാക്കളായ ബൊറൂസ്യ ഡോട്മുണ്ടും തമ്മിലുള്ള ക്ലാസിക്ക് പോരാട്ടമാണ് ഗോള്‍രഹിത സമനിലയില്‍ കലാശിച്ചത്. ഇതോടെ അഞ്ച് പോയിന്റിന്റെ ലീഡുമായി ബയേണ്‍ ഒന്നാം സ്ഥാനം തല്‍ക്കാലത്തേക്ക് ഭദ്രമാക്കുകയും ചെയ്തു.
25 മല്‍സരങ്ങളില്‍ നിന്ന് 20 ജയവും മൂന്ന് സമനിലയും രണ്ട് തോല്‍വിയും ഉള്‍പ്പെടെ 63 പോയിന്റുമായാണ് ബയേണ്‍ ലീഗില്‍ തലപ്പത്ത് തുടരുന്നത്. ഇത്രയും മല്‍സരങ്ങളില്‍ നിന്ന് 18 ജയവും നാല് സമനിലയും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ 58 പോയിന്റുമായി ഡോട്മുണ്ട് രണ്ടാം സ്ഥാനത്താണ്. ഇനി ഒമ്പത് മല്‍സരങ്ങളാണ് ബയേണിനും ഡോട്മുണ്ടിനും ലീഗില്‍ ശേഷിക്കുന്നത്.
ഡോട്മുണ്ടിന്റെ ഹോംഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ ബയേണിനായിരുന്നു മുന്‍തൂക്കം. പന്തടക്കത്തില്‍ വ്യക്തമായ ആധിപത്യമാണ് മല്‍സരത്തില്‍ ബയേണ്‍ പുലര്‍ത്തിയത്. കളിയുടെ ആദ്യ പകുതിയില്‍ തന്നെ ഡഗ്ലസ് കോസ്റ്റയിലൂടെ മികച്ച ഗോളവസരമാണ് ബയേണിന് ലഭിച്ചത്. എന്നാല്‍, കോസ്റ്റയുടെ ഗോള്‍ നീക്കം ഡോട്മുണ്ട് ഗോള്‍കീപ്പര്‍ റോമന്‍ ബുര്‍ക്കി വിഫലമാക്കുകയായിരുന്നു. പിയേറ എംറിക് ഒബമയെങ്കിലൂടെ ഡോട്മുണ്ടിനും ഗോളവസരം ലഭിച്ചെങ്കിലും ബയേണ്‍ ഗോള്‍കീപ്പര്‍ മാന്വല്‍ നുയര്‍ സേവ് ചെയ്യുകയായിരുന്നു.
ലീഗിലെ മറ്റു മല്‍സരങ്ങളില്‍ വെര്‍ഡര്‍ ബ്രെമന്‍ 4-1ന് ഹാനോവറിനെയും സ്റ്റുഗര്‍ട്ട് 5-1ന് ഹൊഫെന്‍ഹെയിമിനെയും വോള്‍ഫ്‌സ്ബര്‍ഗ് 2-1ന് ബൊറൂസ്യ മെകന്‍ഗ്ലാഡ്ബാചിനെയും ഷാല്‍ക്കെ 3-1ന് കൊലോഗ്‌നയെയും തോല്‍പ്പിച്ചു. ബയേര്‍ ലെവര്‍ക്യൂസന്‍-ഓഗ്‌സ്ബര്‍ഗ് (3-3), ഫ്രങ്ക്ഫര്‍ട്ട്-ഇന്‍ഗോല്‍സ്റ്റഡ്റ്റ് (1-1) മല്‍സരങ്ങള്‍ സമനിലയില്‍ കലാശിച്ചു.
Next Story

RELATED STORIES

Share it