ബന്ധുക്കളായ അഞ്ചു കുട്ടികള്‍ പുഴയില്‍ മുങ്ങിമരിച്ചു

പയ്യാവൂര്‍ (കണ്ണൂര്‍): ബന്ധുക്കളായ അഞ്ചു കുട്ടികള്‍ പയ്യാവൂര്‍ പുഴയില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു. പയ്യാവൂര്‍ തിരൂരിലെ അക്കാംപറമ്പില്‍ സെല്‍ജന്‍- ഷീജ ദമ്പതികളുടെ മക്കളായ ഒറീജ (15), സഫാന്‍  (7), ബിനോയ്-മിനി ദമ്പതികളുടെ മകന്‍ മാണിക് (12), ബിനോയിയുടെ സഹോദരി കുറ്റിക്കാട്ടില്‍ അനിത-ജോസ് ദമ്പതികളുടെ മക്കളായ അഖില്‍ എന്ന മണിക്കുട്ടന്‍ (15), അയാല്‍ (12) എന്നിവരാണു മരിച്ചത്. ഇന്നലെ വൈകീട്ട് നാലോടെയാണു സംഭവം. മരിച്ചവരില്‍ ഒറീജ ഒഴിച്ച് ബാക്കിയുള്ളവരെല്ലാം ആണ്‍കുട്ടികളാണ്. പരിസരവാസികള്‍ രക്ഷപ്പെടുത്തിയ അമലി(16)നെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ഒറീജ പയ്യാവൂര്‍ സെന്റ് ആന്‍സ് സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയും സഹോദരന്‍ സഫാന്‍ ഇതേ സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിയുമാണ്. പയ്യാവൂര്‍ സേക്രഡ്ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിയാണ് മാണിക്. അഖില്‍ പയ്യാവൂര്‍ സേക്രഡ്ഹാര്‍ട്ട് എച്ച്എസ്എസിലെ 10ാം ക്ലാസ് വിദ്യാര്‍ഥിയും അയാല്‍ ഇതേ സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിയുമാണ്. ബിനോയിയുടെ മകനും സഹോദരങ്ങളുടെ മക്കളുമാണ് അപകടത്തില്‍പ്പെട്ടത്. ബിനോയിയുടെ സഹോദരന്‍ സെല്‍ജിന്  ഡല്‍ഹിയിലാണ് ജോലി. അവധിക്കാലം ആഘോഷിക്കാന്‍ നാട്ടിലെത്തിയ സെല്‍ജിന്റെ മക്കളോടൊപ്പം മറ്റു കുട്ടികളും ചമതച്ചാല്‍ പുഴയിലെ തിരൂര്‍ കണിയാര്‍കടവില്‍ കുളിക്കാനിറങ്ങിയതായിരുന്നു. കൂട്ടത്തിലെ പെണ്‍കുട്ടി കാല്‍തെന്നി പാറയില്‍നിന്നു വഴുതിവീണപ്പോള്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റു കുട്ടികളും അപകടത്തില്‍പ്പെട്ടതെന്നാണു നിഗമനം. സമീപത്തെ സ്‌കൂളില്‍ ഫോട്ടോയെടുപ്പിനു വന്നവര്‍ നിലവിളികേട്ട് ഓടിക്കൂടി.   ഉടനെ  കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഞ്ചുപേരുടെയും സംസ്‌കാരം നാളെ തിരൂര്‍ ഫ്രാന്‍സിസ് അസീസി പള്ളി സെമിത്തേരിയില്‍.
Next Story

RELATED STORIES

Share it