wayanad local

ബന്ധം ദൃഢമാക്കി മുള്ളന്‍കൊല്ലി- ബൈരന്‍കുപ്പ പഞ്ചായത്തുകള്‍

പുല്‍പ്പള്ളി: വരള്‍ച്ച തടയാന്‍ തയാറാക്കിയ തടയണ രണ്ട് പഞ്ചായത്തുകളുടെ സൗഹൃദത്തിന് വേദിയായുന്നു. കേരള - കര്‍ണാടക അതിര്‍ത്തിയിലൂടെ ഒഴുകുന്ന കബനി നദിക്ക് കുറുകെ വരള്‍ച്ച തടയാനായി തടയണ നിര്‍മിച്ചതാണ് രണ്ട് സംസ്ഥാനങ്ങളില്‍ സ്ഥിതിചെയ്യുന്ന മുള്ളന്‍കൊല്ലി- ബൈരന്‍കുപ്പ പഞ്ചായത്തുകളുടെ സൗഹൃദത്തിനും സഹകരണത്തിനും വേദിയായത്.
രണ്ട് സംസ്ഥാനങ്ങളിലായതിനാല്‍ ഇതുവരെ രണ്ട് സംസ്‌കാരങ്ങളിലും രണ്ട് ശൈലിയിലും കഴിഞ്ഞിരുന്ന പഞ്ചായത്തുകളാണ് മുള്ളന്‍കൊല്ലിയും ബൈരന്‍കുപ്പയും. അതിനാല്‍തന്നെ ഇതുവരെ ഒരു കാര്യത്തിലും സഹകരണമോ യോജിച്ച പ്രവര്‍ത്തനങ്ങളോ ഉണ്ടായിട്ടില്ല. എന്ന് മാത്രമല്ല പല പ്രശ്‌നങ്ങളിലും പ്രവര്‍ത്തനങ്ങളിലും വിയോജിപ്പ് പ്രകടവുമായിരുന്നു.
വനത്തിനുള്ളില്‍ ഒറ്റപ്പെട്ട പ്രദേശമായതിനാല്‍ ബൈരന്‍കുപ്പയിലേക്ക് വൈദ്യുതി എത്തിക്കുവാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു. ബൈരന്‍കുപ്പ അങ്ങാടിയോട് ചേര്‍ന്നുള്ള കബനിനദിയുടെ മറുകരയായ മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പെരിക്കല്ലൂരില്‍ നിന്നും ബൈരന്‍കുപ്പയിലേക്ക് വൈദ്യുതി എത്തിക്കുന്നതിന് ഒരു പദ്ധതി തയാറാക്കിയെങ്കിലും രണ്ട് പഞ്ചായത്തുകളുടേയും നിസഹകരണംമൂലം ആ പദ്ധതി നടന്നില്ല.
കബനി നദിയില്‍ കടത്തുവള്ളങ്ങള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുന്ന കാര്യത്തിലും യാത്രക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന കാര്യത്തിലും യോജിച്ച പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടില്ല.
മണല്‍വാരുന്ന കാര്യത്തിലും കടത്തുവള്ളങ്ങളുടെ പ്രവര്‍ത്തന സമയം നിശ്ചയിക്കുന്ന കാര്യത്തിലും ഈ വിയോജിപ്പ് പ്രകടമായിരുന്നു.
എന്നാല്‍ ഇതിനെല്ലാം ഒരു മാറ്റം വരുത്തിക്കൊണ്ടാണ് രണ്ട് പഞ്ചായത്ത് ഭരണസമിതികളും കഴിഞ്ഞദിവസം പ്രശംസനീയമായ തരത്തില്‍ യോജിച്ച് തടയണ നിര്‍മിച്ചത്.
ഇതിന് മുമ്പ് മുള്ളന്‍കൊല്ലി പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കബനിയില്‍ നിര്‍മിച്ച തടയണ പിറ്റേന്ന് തന്നെ ബൈരന്‍കുപ്പയിലുള്ളവര്‍ പൊളിച്ചുകളയുകയായിരുന്നു. എന്നാല്‍ ഇത്തവണ തടയണ കെട്ടാനെത്തിയ മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനേയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനേയും വാര്‍ഡ് മെമ്പറേയും ബൈരന്‍കുപ്പ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മാലയിട്ട് സ്വീകരിക്കുകയായിരുന്നു.
എല്ലാ കാര്യത്തിലും യോജിച്ച പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്ന് പറഞ്ഞ ബൈരന്‍കുപ്പ പഞ്ചായത്ത് പ്രസിഡന്റ് എ സി തിരുപ്പതി, കബനിയില്‍ സ്ഥിരമായി ഒരു കോണ്‍ക്രീറ്റ് തടയണ, ബൈരന്‍കുപ്പ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഉണ്ടാക്കുമെന്നും ഉറപ്പ് നല്‍കി. ഇനിയുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും മുള്ളന്‍കൊല്ലി പഞ്ചായത്തിന് ബൈരന്‍കുപ്പ പഞ്ചായത്തിന്റെ എല്ലാവിധ പിന്തുണയും അദ്ദേഹം ഉറപ്പ് നല്‍കി.
ബൈരന്‍കുപ്പ പഞ്ചായത്തിന്റെ സഹകരണത്തോടെ കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് കബനിയില്‍ സ്ഥിരമായി എട്ട് തടയണകള്‍ നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ്കുമാറും പറഞ്ഞു.
Next Story

RELATED STORIES

Share it