kasaragod local

ബധിര-മൂക പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

കാസര്‍കോട്: ഉപ്പള ശാരദാനഗറില്‍ ബധിരയും മൂകയുമായ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. പോലിസ് അനേ്വഷണം കാര്യക്ഷമമാവാത്തതിനെ തുടര്‍ന്ന് പൊതുജന പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് കേസ് ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിക്കുകയായിരുന്നു. ക്രൈംബ്രാഞ്ചാണ് പ്രതിയെ പിടികൂടിയത്. സംഭവത്തില്‍ ലോക്കല്‍ പോലിസിന്റെ ഭാഗത്ത് ഗുരുതര പിഴവുള്ളതായും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ കണ്ടെത്തി. സംഭവത്തെ കുറിച്ച് സംസ്ഥാന പോലിസ് മേധാവി മൂന്നു മാസത്തിനകം അനേ്വഷണം നടത്തി വിശദീകരണം നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
മാനഭംഗത്തെ കുറിച്ച് ഡോക്ടര്‍ റിപോര്‍ട്ട് ലഭിച്ച ശേഷവും കേസില്‍ ഐപിസി 376ാം വകുപ്പ് ഉള്‍പ്പെടുത്താത്തതിനെ കുറിച്ച് അനേ്വഷണം നടത്തണമെന്നും കമ്മീഷന്‍ സംസ്ഥാന പോലിസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി.
പെണ്‍കുട്ടിയുടെ കുടുംബത്തില്‍ ഒരാള്‍ക്ക് സ്ഥിരവരുമാനമുള്ള ഒരു തൊഴില്‍ ഉറപ്പാക്കുന്നതിനും സമാശ്വാസമായി സാമ്പത്തിക സഹായം നല്‍കുന്നതിനും സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചു. കുടുംബത്തിന് നല്‍കാവുന്ന സമാശ്വാസ നടപടികളെ കുറിച്ച് ജില്ലാ കലക്ടര്‍ ഒരു മാസത്തിനകം വിശദീകരണം നല്‍കണം.
ബധിരരും മൂകരുമായ മൂന്ന് കുട്ടികളില്‍ ഒരാളെയാണ് പീഡിപ്പിച്ചത്. കുട്ടികളുടെ മാതാവ് ബധിര-മുകയാണ്. പിതാവ് മാനസിക വൈകല്യം അനുഭവിക്കുന്ന മല്‍സ്യതൊഴിലാളിയാണ്. 2015 സെപ്റ്റംബര്‍ 22നായിരുന്നു മണിമുണ്ട സ്വദേശി കുട്ടിയെ പീഡിപ്പിച്ചത്.
പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി ബധിര-മൂകയായതിനാല്‍ മൊഴിരേഖപ്പെടുത്താന്‍ താമസമുണ്ടായെന്നും മൊഴിരേഖപ്പെടുത്തുന്നതിന് സഹായം നല്‍കാന്‍ മാര്‍ത്തോമ വിദ്യാലയത്തിലെ മേധാവിക്ക് അപേക്ഷ നല്‍കിയത് കാരണമാണ് പ്രതിയെ പിടിക്കാന്‍ താമസിച്ചതെന്നും കാസര്‍കോട് എസ്‌ഐ കമ്മീഷനില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു കുടുംബത്തിലെ വ്യക്തിക്കുണ്ടായ ദുരനുഭവവുമായി ബന്ധപ്പെട്ട മനുഷ്യാവകാശ പ്രശ്‌നത്തില്‍ പ്രശംസനീയമായ പൗരബോധമാണ് മാധ്യമങ്ങളുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് കെ മോഹന്‍കുമാര്‍ നിരീക്ഷിച്ചു.
അതേസമയം, ബധിര-മൂകരുടെയും അന്ധരുടെയും മറ്റ് വിഭിന്ന ശേഷിക്കാരുടെയും പരാതികള്‍ ശരിയായി മനസ്സിലാക്കാനും രേഖപ്പെടുത്താനും പ്രാപ്തരും യോഗ്യരുമായ ഉദേ്യാഗസ്ഥരെ പോലിസ് സേനയില്‍ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. വിഭിന്ന ശേഷിക്കാര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ അനേ്വഷണം നടത്താനും യോഗ്യരായ ഉദേ്യാഗസ്ഥരെ ആവശ്യമാണ്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫിസുകളിലുള്ള പോലിസ് ഉദേ്യാഗസ്ഥരില്‍ ഒരാള്‍ക്കെങ്കിലും ബ്രെയിലി ലിപിയിലും ആംഗ്യഭാഷയിലും മൊഴി രേഖപ്പെടുത്താന്‍ വിദഗ്ദ്ധ പരിശീലനം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
1995 ലെ പേഴ്‌സണ്‍സ് വിത്ത് ഡിസബിലിറ്റീസ് ആക്ടിന്റെ പരിധിയില്‍ വരുന്ന പരാതികള്‍ വിലയിരുത്താനും പരിഹരിക്കാനും ജില്ലാ തലത്തില്‍ പ്രതേ്യക സംവിധാനം ഏര്‍പ്പെടുത്തണമെന്നും ഉത്തരവില്‍ വ്യക്തമാക്കി. വിഭിന്ന ശേഷിക്കാരുടെ പരാതികള്‍ യഥാസമയം പരിഹരിക്കാത്തത് വിവേചനമാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു.
Next Story

RELATED STORIES

Share it