kasaragod local

ബദിയടുക്ക ടൗണില്‍ ശൗചാലയം യാഥാര്‍ഥ്യമാവുന്നു

ബദിയടുക്ക: ടൗണില്‍ പൊതു ശൗചാലയം യാഥാര്‍ത്ഥ്യമാവുന്നു. വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് യാത്രക്കാര്‍ ബസ് കയറാന്‍ എത്തുന്ന ഈ ടൗണില്‍ ശൗചാലയമില്ലാത്തതിനാല്‍ യാത്രക്കാര്‍ ഏറെ ദുരിതത്തിലായിരുന്നു.
ബസ് സ്റ്റാന്റ് കെട്ടിടത്തില്‍ മുന്‍കാലങ്ങളില്‍ ആറോളം ശൗചാലയമുണ്ടായിരുന്നെങ്കിലും ഇവയെല്ലാം ഉപയോഗശൂന്യമായി കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇതുമൂലം സ്ത്രീകളടക്കമുള്ള യാത്രക്കാരാണ് ഏറെ ദുരിതമനുഭവിക്കുന്നത്. ടൗണില്‍ ശൗചാലയം നിര്‍മിക്കുന്നതിനായി പഞ്ചായത്ത് ഭരണസമിതി 6.80 ലക്ഷം രൂപ അനുവദിച്ച് ടെന്‍ഡര്‍ നടപടി കഴിഞ്ഞ ഭരണ സമിതി ആരംഭിച്ചിരുന്നു.
ആഴ്ച ചന്ത നടക്കുന്ന സ്ഥലത്തിന്റെ ഒരുവശത്തായി ശൗചാലയ നിര്‍മാണത്തിന് സ്ഥലം കണ്ടെത്തിയിരുന്നു. കുഴല്‍ കിണര്‍ നിര്‍മിച്ച് വൈദ്യുതി കണക്ഷന്‍ നല്‍കുകയും കെട്ടിടം പണിയുന്നതിനായി കല്ല് ഇറക്കുകയും ചെയ്തിരുന്നു.
എന്നാല്‍ തൊട്ടടുത്ത സ്ഥലത്തിന്റെ ഉടമയായ സ്വകാര്യ വ്യക്തി വഴി തടസ്സം സൃഷ്ടിച്ച് പഞ്ചായത്തില്‍ പരാതി നല്‍കിയതോടെ നിര്‍മാണം തടസ്സപ്പെടുകയായിരുന്നു. എന്നാല്‍ പുതിയ ഭരണസമിതി അധികാരമേറ്റതോടെ നേരത്തെ നിശ്ചയിച്ച സ്ഥലത്ത് തന്നെ ശൗചാലയം നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജനുവരി അവസാനത്തോടെ നിര്‍മാണം പൂര്‍ത്തീകരിച്ച് യൂസ് ആന്റ് പേ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
Next Story

RELATED STORIES

Share it