Readers edit

ബദലിനായുള്ള രാജ്യത്തിന്റെ കാത്തിരിപ്പ്

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് രണ്ടു വര്‍ഷം തികയാന്‍ പോകുമ്പോള്‍ ചെയ്തുകൂട്ടിയ അതിക്രമങ്ങള്‍ ഒരു സര്‍ക്കാരും ഇതുവരെ ചെയ്തിട്ടില്ലാത്തതാണ്. ഗോമാംസത്തിന്റെ പേരില്‍ കൊലകള്‍, വംശവെറിയുടെ പേരില്‍ ചുട്ടെരിക്കല്‍, കൊല്ലല്‍, ഘര്‍വാപസി, മതവെറി പരത്തുന്ന പ്രസ്താവനകളും പ്രസംഗങ്ങളും, പ്രാചീന കാലഘട്ടത്തിലെ അന്ധവിശ്വാസത്തിലേക്കുള്ള തിരിച്ചുപോക്ക്- അങ്ങനെ ഏവരെയും പരിഭ്രമിപ്പിക്കുന്ന അക്രമപരമ്പരകളാണ് നാം കാണുന്നത്. ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തിനു വില കല്‍പിക്കാതെ പ്രധാനമന്ത്രിയുടെ ഓഫിസ് നേരിട്ട് ഭരണം നടത്തുന്നു. ഒരുതരം ഓര്‍ഡിനന്‍സ് ഭരണമാണിപ്പോള്‍ രാജ്യത്തു നടന്നുകൊണ്ടിരിക്കുന്നത്. ഓരോ ഇന്ത്യന്‍ പൗരന്റെയും ജീവനും സ്വത്തിനും അവകാശത്തിനും സംരക്ഷണവും മാന്യതയും നല്‍കേണ്ട ഭരണകൂടം വളരെ ഇടുങ്ങിയ ഒരു പ്രത്യയശാസ്ത്രം നടപ്പില്‍ വരുന്നതിന്റെ ഭാഗമായി പൗരന്റെ ജീവനും അവകാശങ്ങള്‍ക്കും ഭീഷണിയാകുന്നു. ലാല്‍കൃഷ്ണ അഡ്വാനിയുടെ ഭാഷയില്‍ പറഞ്ഞാല്‍ നിശ്ശബ്ദ അടിയന്തരാവസ്ഥയാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇതിനിടയിലൊക്കെ തന്റെ മുഖംമിനുക്കി നടക്കുന്ന സ്വയംസേവകനായ പ്രധാനമന്ത്രി കോര്‍പറേറ്റുകളെ സ്വീകരിക്കാന്‍ വേണ്ടി ലോകയാത്ര നടത്തുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാക്കന്മാര്‍ക്ക് എവിടെ നില്‍ക്കണമെന്നറിയില്ല. ഇന്ത്യയുടെ ആദ്യ ലോക്‌സഭയില്‍ പ്രതിപക്ഷ കക്ഷിയായിരുന്ന ഇടതുപക്ഷം ദുര്‍ബലമാണ്. ഇപ്പോള്‍ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മാത്രമാണ് അവര്‍ ശബ്ദിക്കാന്‍ തുടങ്ങിയത്. ഒരു ബദല്‍ ദേശീയ രാഷ്ട്രീയപ്പാര്‍ട്ടി ഇന്ത്യാ രാജ്യത്ത് ഉയര്‍ന്നുവരേണ്ടതുണ്ട്.

ടി എസ് ശിഹാബുദ്ദീന്‍

കുവൈത്ത്
Next Story

RELATED STORIES

Share it