Alappuzha local

ബണ്ടിന്റെ നിര്‍മാണപ്രവൃത്തികള്‍ മന്ത്രി വിലയിരുത്തി

ചേര്‍ത്തല: തണ്ണീര്‍മുക്കം ബണ്ടിന്റെ മൂന്നാംഘട്ട പ്രവൃത്തികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ഉദേ്യാഗസ്ഥര്‍ക്ക് മന്ത്രിയുടെ കര്‍ശനം നിര്‍ദേശം. ബണ്ടിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കഴിഞ്ഞ ദിവസം തണ്ണീര്‍മുക്കത്ത് സന്ദര്‍ശനം നടത്തുമ്പോഴായിരുന്നു ജലവിഭവ മന്ത്രി പി ജെ ജോസഫ് ഉദേ്യാഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയത്.
ബണ്ടിന്റെ മൂന്നാംഘട്ട പ്രവൃത്തികള്‍ 40ശതമാനത്തോളം പൂര്‍ത്തിയായതായി ഉദേ്യാഗസ്ഥര്‍ മന്ത്രിയെ അറിയിച്ചു. ഇതിന്റെ ഭാഗമായുള്ള 28 തൂണുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. ഡിസംബര്‍ 15 ഓടെ ബണ്ടിന്റെ മുകളിലുള്ള പാലത്തിന്റെ ആദ്യ സ്പാനുകളുടെ നിര്‍മാണം ആരംഭിക്കും. 2016 മെയ് മാസത്തോടെ ബണ്ടിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നാണ് ഉദേ്യാഗസ്ഥര്‍ കഴിഞ്ഞ അവലോകനയോഗത്തില്‍ ഉറപ്പുനല്‍കിയിരുന്നത്. മൂന്നാംഘട്ടം നിര്‍മാണപ്രവൃത്തികള്‍ എത്രയുംവേഗം പൂര്‍ത്തിയാക്കുന്നതിനായി രാപകല്‍ വ്യത്യാസമില്ലാതെ ധ്രുതഗതിയില്‍ ജോലികള്‍ പുരോഗമിക്കുകയാണ്.
മൂന്നാംഘട്ട പ്രവര്‍ത്തനങ്ങളോടൊപ്പം പഴയബണ്ടിന്റെ നവീകരണവും ഇതോടൊപ്പം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി മോശമായ 20 ഷട്ടറുകള്‍ മാറ്റി സ്ഥാപിച്ചു. ബാക്കിയുള്ള ഷട്ടറുകളും ഉടന്‍ മാറ്റി സ്ഥാപിക്കും. വൈകീട്ട് നാലോടെ തണ്ണീര്‍മുക്കം ബണ്ടില്‍ എത്തിയ മന്ത്രി പി ജെ ജോസഫ് ഒരു മണിക്കൂറോളം ചെലവഴിച്ച് നിര്‍മാണപ്രവൃത്തികള്‍ വിലയിരുത്തി.
മന്ത്രിയോടൊപ്പം കുട്ടനാട് പാക്കേജ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ എം എ സെബാസ്റ്റ്യന്‍, അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ഷാജി എം ജോര്‍ജ്, അസിസ്റ്റന്റ് എന്‍ജിനിയര്‍ സി എന്‍ സന്തോഷ്, കേരളാ കോണ്‍ഗ്രസ് എം സംസ്ഥാന സെക്രട്ടറിയേറ്റംഗം സിറിയക് കാവില്‍, വൈക്കം നിയോജക മണ്ഡലം പ്രസിഡന്റ് പോള്‍സണ്‍ ജോസഫ്, ചേര്‍ത്തല നിയോജക മണ്ഡലം പ്രസിഡന്റ് തോമസ് വടക്കേക്കരി, ടി വി ജോസഫ്, വക്കച്ചന്‍ മണ്ണത്താലി എന്നിവരും ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it