ബട്ട്‌ലര്‍ മിന്നി; ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം

ദുബയ്: റെക്കോഡ് സെഞ്ച്വറിയുമായി ജോസ് ബട്ട്‌ലര്‍ (116*) കത്തികയറിയപ്പോള്‍ പാകിസ്താനെതിരായ നാലാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് 84 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ജയത്തോടെ നാലു മല്‍സരങ്ങളുടെ ഏകദിന പരമ്പര ഇംഗ്ലണ്ട് 3-1ന് കൈക്കലാക്കുകയും ചെയ്തു.
46 പന്തില്‍ സെഞ്ച്വറി നേടിയാണ് ബട്ട്‌ലര്‍ ഇംഗ്ലണ്ടിന്റെ ഹീറോയായത്. ഇംഗ്ലണ്ടിനു വേണ്ടി ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി തികയ്ക്കുന്ന താരമെന്ന റെക്കോഡാണ് വിക്കറ്റ് കീപ്പര്‍ കൂടിയായ ബട്ട്‌ലര്‍ സ്വന്തമാക്കിയത്. ഒരു ഇംഗ്ലീഷ് താരം നേടിയ വേഗതയേറിയ മൂന്ന് സെഞ്ച്വറികളും ബട്ട്‌ലറിന്റെ പേരിലാണ്. നേരത്തെ 61 പന്തില്‍ ന്യൂസിലന്‍ഡിനെയും 66 പന്തില്‍ ശ്രീലങ്കയ്‌ക്കെതിരേയും ബട്ട്‌ലര്‍ ശതകം പൂര്‍ത്തിയാക്കിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വേഗതയേറിയ ഏഴാമത്തെ സെഞ്ച്വറി കൂടിയാണിത്. 31 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സാണ് വേഗതയേറിയ സെഞ്ച്വറിക്കാരില്‍ ഒന്നാമന്‍.
ബട്ട്‌ലറിനു പുറമേ ഓപണര്‍ ജേസന്‍ റോയും (102) സെഞ്ച്വറുമായി മിന്നിയതോടെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റിന് 355 റണ്‍സ് അടിച്ചെടുത്തു. എവേ മല്‍സരത്തില്‍ ഇംഗ്ലണ്ട് ഒരു ടീമിനെതിരേ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കൂടിയാണിത്. പുറത്താവാതെ 52 പന്തില്‍ 10 ബൗണ്ടറിയും എട്ട് സിക്‌സറും ഉള്‍പ്പെടുന്നതാണ് ബട്ട്‌ലറിന്റെ വീരോചിത ഇന്നിങ്‌സ്. 117 പന്ത് നേരിട്ട റോയ് എട്ട് ബൗണ്ടറിയും ഒരു സിക്‌സറും നേടി. ജോ റൂട്ട് 71 റണ്‍സെടുത്തു.
മറുപടിയില്‍ റണ്‍റേറ്റ് ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ വിക്കറ്റുകള്‍ ഓരോ ഇടവേളകളിലും നഷ്ടമായതോടെ പാകിസ്താന്റെ പോരാട്ടം 40.4 ഓവറില്‍ 271 റണ്‍സിലൊതുങ്ങുകയായിരുന്നു. പാകിസ്താനു വേണ്ടി ശു ഐബ് മാലിക്കും (52) ബാബര്‍ അസാമും (51) അര്‍ധസെഞ്ച്വറി കണ്ടെത്തി.
ഇംഗ്ലണ്ടിനു വേണ്ടി മോയിന്‍ അലിയും ആദില്‍ റാഷിദും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി തിളങ്ങി. ബട്ട്‌ലറിനെ പരമ്പരയിലെയും കളിയിലെയും താരമായി തിരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it