ബജറ്റ് നിരാശാജനകമെന്ന് തീരദേശസമിതി

തിരുവനന്തപുരം: നിയമസഭാതിരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിച്ച സംസ്ഥാന ബജറ്റ് തീരദേശ മല്‍സ്യത്തൊഴിലാളി മേഖലയെ സംബന്ധിച്ച് നിരാശാജനകവും പ്രതിക്ഷേധാര്‍ഹവുമാണെന്ന് തിരുവനന്തപുരം തീരദേശ വികസനസമിതി അഭിപ്രായപ്പെട്ടു.
ഇതര മേഖലകളില്‍ ഒട്ടേറെ ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചപ്പോള്‍ കേന്ദ്ര സംസ്ഥാന ഖജനാവുകളിലേക്ക് വലിയപങ്ക് വിദേശനാണയം നേടിത്തരുന്ന മല്‍സ്യത്തൊഴിലാളികളെ പാടെ വിസ്മരിച്ചത് അംഗീകരിക്കാനാവില്ല. മുന്‍ ബജറ്റുകളെ അപേക്ഷിച്ച് കൂടുതലായൊന്നും മല്‍സ്യമേഖലയ്ക്കുവേണ്ടി നീക്കിവയ്ക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു കഴിയാത്തത് ഈ വിഭാഗത്തോടുള്ള കടുത്ത അവഗണനയാണെന്ന് സമിതി കണ്‍വീനര്‍ മോണ്‍. യൂജിന്‍ എച്ച് പെരേരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കുറ്റപ്പെടുത്തി.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയെക്കുറിച്ച് ഏറെ വാചാലനായ മുഖ്യമന്ത്രി ആ പദ്ധതിമൂലം പാര്‍പ്പിടവും തൊഴിലും നഷ്ടപ്പെട്ട് ദുരിതമനുഭവിക്കേണ്ടിവരുന്ന തീരദേശ വാസികളായ മല്‍സ്യത്തൊഴിലാളികളെ ബജറ്റില്‍ വിസ്മരിച്ചു. മാത്രമല്ല, പദ്ധതിയുമായി ബന്ധപ്പെട്ടു നടന്ന ചര്‍ച്ചകളില്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് ഉറപ്പുനല്‍കിയ പുനരധിവാസ പാക്കേജിനെക്കുറിച്ച് ബജറ്റില്‍ മൗനം പാലിച്ചതും ബോധപൂര്‍വമല്ലെന്നു കരുതാനാവില്ല.
തുറമുഖ നിര്‍മാണത്തിന്റെ ഫലമായി കടല്‍ പരിസ്ഥിതിക്കും മല്‍സ്യസമ്പത്തിനും മല്‍സ്യത്തൊഴിലാളികള്‍ക്കും ഉണ്ടാവുന്ന ഭീമമായ നഷ്ടം പരിഹരിക്കുന്നതിന് ബജറ്റിലൂടെ ഇടപെടല്‍ പ്രതീക്ഷിച്ചിരുന്നു. കടലിന്റെ മക്കള്‍ക്ക് ബജറ്റ് കടുത്ത നിരാശയാണു നല്‍കിയിരിക്കുന്നതെന്നും ഈ അവഗണന തുടര്‍ന്നാല്‍ തുറമുഖ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ഇടപെടാന്‍ മടിക്കില്ലെന്നും തീരദേശ വികസനസമിതി മുന്നറിയിപ്പു നല്‍കി.
യോഗത്തില്‍ മോണ്‍. ജെയിംസ് കുലാസ്, മോണ്‍. തോമസ് നെറ്റോ, എം ആര്‍ക്കാഞ്ചലോ, അഡ്വ. എം എ ഫ്രാന്‍സിസ് സംസാരിച്ചു.
Next Story

RELATED STORIES

Share it