wayanad local

ബജറ്റ്: കര്‍ഷകരെയും ആദിവാസികളെയും സംരക്ഷിക്കാന്‍ പദ്ധതികളില്ലെന്നു സിപിഎം

കല്‍പ്പറ്റ: കാര്‍ഷികോല്‍പന്നങ്ങളുടെ വിലയിടിവില്‍ പ്രതിസന്ധിയിലായ കര്‍ഷകരുടെയും ജീവിതം എരിഞ്ഞൊടുങ്ങുന്ന ആദിവാസികളുടെയും സംരക്ഷണത്തിനുള്ള ഒരു പദ്ധതിയും ബജറ്റിലില്ലെന്നും തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നീക്കമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തിയതെന്നും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. കര്‍ഷകരെ രക്ഷിക്കാന്‍ കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങളാണ് ആവശ്യം.
അതുപോലെ വന്യമൃഗങ്ങളില്‍നിന്നു കൃഷിയിടം സംരക്ഷിക്കാനുള്ള പദ്ധതികളുമില്ല. മെഡിക്കല്‍ കോളജിനായി തുച്ഛമായ തുകയാണ് വകയിരുത്തിയത്. ശ്രീചിത്തിര മെഡിക്കല്‍ സെന്റര്‍ സംബന്ധിച്ച പരാമര്‍ശം പോലും ബജറ്റിലില്ല. തോട്ടംതൊഴിലാളികളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ നടപടിയില്ല. വീടും ഭൂമിയുമില്ലാത്ത തോട്ടംതൊഴിലാളികള്‍ക്ക് സഹായമില്ല. ചുരം ബദല്‍ റോഡും അവഗണിച്ചു.
വയനാട് മെഡിക്കല്‍ കോളജിനും മെഡിസിറ്റിക്കുമായി 760 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചിട്ട് ബജറ്റില്‍ വകയിരുത്തിയതു വെറും 25 കോടിയാണ്. ഈ തുക അടിസ്ഥാന വികസനത്തിനു പോലും തികയില്ല. രണ്ടു ഫേസുകളിലായി മെഡിക്കല്‍ കോളജും മെഡിസിറ്റിയും നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതില്‍ ആദ്യഘട്ടമായി കോളജ്, ഹോസ്റ്റല്‍ കെട്ടിടം, ക്വാര്‍ട്ടേഴ്‌സുകള്‍ എന്നിവ നിര്‍മിക്കണം. 300 കിടക്കകളുള്ള ആശുപത്രിയും വേണം. ഇതിനായി 340 കോടി രൂപയുടെ എസ്റ്റിമേറ്റാണ് പൊതുമരാമത്ത് അധികൃതര്‍ സമര്‍പ്പിച്ചത്. ജില്ലയിലെ കര്‍ഷകരുടെ മുഖ്യ ഉപജീവന വിളകളായ കാപ്പി, കുരുമുളക്, അടക്ക മേഖലക്കായി ഒരു പ്രഖ്യാപനവും ഇല്ല. വയനാട് പാക്കേജിന് 19 കോടി പ്രഖ്യാപിച്ചതും ചടങ്ങ് തീര്‍ക്കലായി- സിപിഎം കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it