wayanad local

ബജറ്റില്‍ ഫണ്ട് അനുവദിക്കാത്തത് ഗുണകരമെന്ന് ആക്ഷന്‍ കമ്മിറ്റി

സുല്‍ത്താന്‍ ബത്തേരി: നിലമ്പൂര്‍ നഞ്ചന്‍കോട് റെയില്‍പ്പാതയ്ക്ക് ബജറ്റില്‍ ഫണ്ട് അനുവദിക്കാത്തതു ഗുണകരമാണെന്നു റെയില്‍വേ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തനതു ഫണ്ടില്‍ നിന്ന് ഒരു പാത നിര്‍മിക്കാന്‍ തീരുമാനിച്ചാല്‍ പതിറ്റാണ്ടുകള്‍ കഴിഞ്ഞാലേ പൂര്‍ത്തിയാവൂ. എന്നാല്‍, കമ്പനി രൂപീകരിച്ച് ബജറ്റിതര ഫണ്ടില്‍ നിന്നു പദ്ധതി നടപ്പാക്കുമ്പോള്‍ എളുപ്പം പൂര്‍ത്തിയാക്കാനാവും. നിലമ്പൂര്‍-നഞ്ചന്‍കോട് പാതയ്ക്കും ബജറ്റിതര സ്രോതസ്സുകളില്‍ നിന്നു പണം കണ്ടെത്താനാണ് തീരുമാനം.
കമ്പനി രൂപീകരിച്ച് പാത യാഥാര്‍ഥ്യമാക്കാന്‍ സംസ്ഥാനം തീരുമാനിക്കുകയും അതിനായി കേന്ദ്രവുമായി ധാരണാപത്രം ഒപ്പിടുകയും ചെയ്തിട്ടുണ്ട്. ധാരണാപത്രം ഒപ്പിടുമ്പോള്‍ ചെലവിന്റെ പകുതി വഹിക്കാമെന്നു കേന്ദ്രത്തിന്റെയും ഉറപ്പ് ലഭിച്ചിട്ടുണ്ട്. അതിനാല്‍ ബജറ്റില്‍ ഇപ്പോള്‍ വിഹിതം അനുവദിക്കേണ്ട ആവശ്യമില്ല. കേന്ദ്രവും സംസ്ഥാനവും സംയുക്തമായി രൂപീകരിക്കുന്ന കമ്പനിക്ക് പൊതു-സ്വകാര്യമേഖലാ പങ്കാളിത്തമുണ്ടാവും. അതിനാല്‍ ഫണ്ട് ലഭ്യത തടസ്സമാവില്ല.
ഇപ്പോള്‍ പാത അനുവദിച്ചിട്ടുള്ളതു 2013ല്‍ തയ്യാറാക്കിയ സര്‍വേ പ്രകാരമാണ്. അതിനാലാണ് ബജറ്റില്‍ 236 കിലോമീറ്റര്‍ ദൂരവും 6,000 കോടി രൂപ ചെലവും വരുമെന്നു കണക്കാക്കിയത്. ഡോ. ഇ ശ്രീധരന്‍ തയ്യാറാക്കിയ അലൈന്‍മെന്റിന് റെയില്‍വേ ബോര്‍ഡിന്റെ അംഗീകാരം ലഭിക്കുന്നതോടെ ദൂരം 154 കിലോമീറ്ററായും ചെലവ് 3,000 കോടിയുമായി കുറയും.
ധാരണാപത്രത്തില്‍ തീരുമാനിച്ച പ്രകാരം കമ്പനി രൂപീകരിക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുകയാണ് വേണ്ടത്. റെയില്‍പ്പാതയ്ക്കായി കമ്പനി രൂപീകരിക്കുന്നതിന് ജില്ലയിലെ ജനപ്രതിനിധികളും രാഷ്ട്രീയപ്പാര്‍ട്ടികളും മുന്നിട്ടിറങ്ങണമെന്നും ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.
കണ്‍വീനര്‍ അഡ്വ. ടി എം റഷീദ്, സെക്രട്ടറി വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ. പി വേണുഗോപാല്‍, പി വൈ മത്തായി, ഫാ. ടോണി കോഴിമണ്ണില്‍, ഒ കെ മുഹമ്മദ്, ജോസ് കപ്യാര്‍മല, ജോയിച്ചന്‍ വര്‍ഗീസ്, നാസര്‍ കാസിം, സംഷാദ് പങ്കെടുത്തു.
Next Story

RELATED STORIES

Share it