ബജറ്റിന് മുമ്പ് ബാറുടമകളുടെ യോഗം വിളിച്ചെന്ന് മന്ത്രി കെ ബാബുവിന്റെ മൊഴി

തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് ഫീസ് ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ബജറ്റിനു മുമ്പ് ബാറുടമകളുടെ യോഗം ചേര്‍ന്നതായി മന്ത്രി കെ ബാബുവിന്റെ മൊഴി. അദ്ദേഹം വിജിലന്‍സിനു നല്‍കിയ മൊഴിയാണ് പുറത്തുവന്നത്.
യോഗത്തില്‍ ബിജു രമേശ് പങ്കെടുത്തു. ഏഴു വര്‍ഷമായി ഫീസ് വര്‍ധിപ്പിച്ചിട്ടില്ലെന്നും 25 ലക്ഷമാക്കണമെന്നും എക്‌സൈസ് കമ്മീഷണര്‍ ശുപാര്‍ശ ചെയ്തിരുന്നതായി മൊഴിയില്‍ പറയുന്നു. ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ ബാര്‍ ഉടമകള്‍ ആവശ്യപ്പെട്ടെങ്കിലും താന്‍ വിട്ടുവീഴ്ച ചെയ്തില്ലെന്നും യോഗത്തിനു ശേഷം ബാറുടമകളെ പ്രത്യേകമായി കണ്ടിട്ടില്ലെന്നും മന്ത്രി മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഏതു സാഹചര്യത്തിലാണ് ലൈസന്‍സ് ഫീസ് 23 ലക്ഷമാക്കി തീരുമാനിച്ചതെന്ന് മന്ത്രി വ്യക്തമാക്കുന്നില്ല.
എന്നാല്‍, ഉദ്യോഗസ്ഥതല യോഗത്തിലാണ് ബാര്‍ ലൈസന്‍സ് ഫീസ് ഉയര്‍ത്താന്‍ തീരുമാനിച്ചതെന്ന് എക്‌സൈസ് കമ്മീഷണര്‍ അനില്‍ സേവ്യര്‍ മൊഴി നല്‍കി.
ലൈസന്‍സ് ഫീസ് ഉയര്‍ത്തേണ്ട സാഹചര്യമുള്ളതായി യോഗത്തില്‍ മന്ത്രി ബാറുടമകളോട് പറഞ്ഞെന്നാണ് എക്‌സൈസ് കമ്മീഷണര്‍ മൊഴി നല്‍കിയത്. 2013 മാര്‍ച്ച് ആറിനു ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് ലൈസന്‍സ് ഫീസ് 23 ലക്ഷമാക്കിയതെന്നും കമ്മീഷണര്‍ മൊഴി നല്‍കി. അതേസമയം, 2013-14 സാമ്പത്തികവര്‍ഷത്തെ പ്രീബജറ്റ് ചര്‍ച്ചയ്ക്കായി 2013ല്‍ യോഗം ചേര്‍ന്നിട്ടില്ലെന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയില്‍ എക്‌സൈസ് വകുപ്പ് പറയുന്നത്. എന്നാല്‍, വകുപ്പുമന്ത്രിയും കമ്മീഷണറും നല്‍കിയ മൊഴിയില്‍ 2013 ഫെബ്രുവരി നാലിന് പ്രീബജറ്റ് ചര്‍ച്ച നടന്നെന്നും അന്ന് കേരള ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി ബിജുരമേശിന്റെ കൂടി അഭ്യര്‍ഥന മാനിച്ചാണ് ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കണമെന്ന കാര്യം ചര്‍ച്ചചെയ്തതുമെന്നാണ് മന്ത്രി ബാബുവിന്റെ മൊഴി.
അതേസമയം, മുന്‍ നികുതി് സെക്രട്ടറി അജിത്കുമാര്‍ നല്‍കിയ മൊഴിയില്‍ മന്ത്രി ബാബുവിന്റെ നിര്‍ദേശപ്രകാരമാണ് ബാര്‍ ലൈസന്‍സ് ഫീസ് 25 ലക്ഷത്തില്‍ നിന്ന് 23 ലക്ഷമാക്കി കുറച്ചതെന്നും പറയുന്നുണ്ട്.
Next Story

RELATED STORIES

Share it