ബംഗ്ലാ കടുവകളെ ന്യൂസിലന്‍ഡ്നാണംകെടുത്തി

കൊല്‍ക്കത്ത: ട്വന്റി ലോകകപ്പില്‍ ആശ്വാസജയത്തിനുള്ള അവസരം പോലും ബംഗ്ലാദേശിനു ലഭിച്ചില്ല. സൂപ്പര്‍ 10ന്റെ ഗ്രൂപ്പ് രണ്ടില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ നേരത്തേ തന്നെ സെമി ഫൈനല്‍ ഉറപ്പിച്ച ന്യൂസിലന്‍ഡ് ബംഗ്ലാദേശിനെ വാരിക്കളയുകയായിരുന്നു. തികച്ചും ഏകപക്ഷീയമായ കളിയില്‍ 75 റണ്‍സിന്റെ വമ്പന്‍ ജയമാണ് കിവികള്‍ ആഘോഷിച്ചത്. കിവീസിന്റെ തുടര്‍ച്ചയായ നാലാം ജയം കൂടിയാണിത്.പേസര്‍ മുസ്തഫിസുര്‍ റഹ്മാന്റെ അഞ്ചു വിക്കറ്റ് പ്രകടനത്തിന്റെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിനെ എട്ടു വിക്കറ്റിന് 145 റണ്‍സിലൊതുക്കാന്‍ ബംഗ്ലാദേശിനു കഴിഞ്ഞു. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (42), കോളിന്‍ മണ്‍റോ (35), റോസ് ടെയ്‌ലര്‍ (28) എന്നിവരാണ് കിവി നിരയില്‍ പിടിച്ചുനിന്നത്. മറുപടിയില്‍ ന്യൂസിലന്‍ഡിന്റെ കണിശതയാര്‍ന്ന ബൗളിങിനു മുന്നില്‍ ബംഗ്ലാദേശ് ചീട്ട്‌കൊട്ടാരം കണക്കെ തകര്‍ന്നടിഞ്ഞു. 15.4 ഓവറില്‍ കേവലം 70 റണ്‍സിനു ബംഗ്ലാദേശ് പുറത്തായി. ബംഗ്ലാ നിരയില്‍ ഒരാള്‍ക്കുപോലും 20 റണ്‍സ് തികയ്ക്കാനായില്ല. 16 റണ്‍സെടുത്ത ശുവാഗത്ത ഹോമാണ് ടോപ്‌സ്‌കോറര്‍. സബീര്‍ റഹ്മാന്‍ (12), മുഹമ്മദ് മിഥുന്‍ (11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍.മൂന്നു വിക്കറ്റ് വീതം നേടിയ ഗ്രാന്റ് ഏലിയറ്റും ഇന്ത്യന്‍ വംശജനായ ഇഷ് സോധിയുമാണ് ബംഗ്ലാദേശിനെ വന്‍ തോല്‍വിയിലേക്കു തള്ളിയിട്ടത്. നതാന്‍ മക്കുല്ലം, മിച്ചെല്‍ സാന്റ്‌നര്‍, മിച്ചെല്‍ മക്ലെന്‍ഗന്‍ എന്നിവര്‍ ഓ രോ വിക്കറ്റ് വീഴ്ത്തി.നേരത്തേ 32 പന്തില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് 42 റണ്‍സുമായി വില്യംസണ്‍ കിവീസിന്റെ ടോപ്‌സ്‌കോററായത്. വില്യംസണ്‍ തന്നെയാണ് മാന്‍ ഓഫ് ദി മാച്ച്.
Next Story

RELATED STORIES

Share it