ബംഗ്ലാദേശ്: ജമാഅത്ത് നേതാവ് നിസാമിയുടെ വധശിക്ഷ സുപ്രിംകോടതി ശരിവച്ചു

ധക്ക: ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്‌ലാമി നേതാവ് മുതിയൂര്‍ റഹ്മാന്‍ നിസാമിയുടെ (73) വധശിക്ഷ സുപ്രിംകോടതി ശരിവച്ചു. 1971ലെ വിമോചനയുദ്ധക്കാലത്ത് പാകിസ്താന്റെ പക്ഷം ചേര്‍ന്ന് പ്രവര്‍ത്തിച്ചു എന്നാണ് നിസാമിക്കെതിരേയുള്ള കുറ്റം.
ഇദ്ദേഹത്തിനെതിരേ കൊലപാതകം, ബലാല്‍സംഗം, ഉന്നതനിലയിലുള്ളവരുടെ കൊലപാതകത്തിനു നേതൃത്വം നല്‍കല്‍ എന്നീ കുറ്റങ്ങളും തെളിഞ്ഞതായി ചീഫ് ജസ്റ്റിസ് സുരേന്ദ്ര കുമാര്‍ സിന്‍ഹയുടെ നേതൃത്വത്തിലുള്ള നാലംഗ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. നിസാമി സമര്‍പ്പിച്ച അപ്പീല്‍ കോടതി തള്ളി.
ദിവസങ്ങള്‍ക്കുള്ളില്‍ ഇദ്ദേഹത്തിന്റെ വധശിക്ഷ നടപ്പാക്കിയേക്കുമെന്നാണ് സൂചന. കോടതിവിധിക്കു പിന്നാലെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പോലിസ് ധക്കയില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. 2000ത്തിലാണ് നിസാമി ജമാഅത്ത് നേതാവായി സ്ഥാനമേല്‍ക്കുന്നത്. 2001-2006ല്‍ ബംഗ്ലാദേശില്‍ മന്ത്രിയുമായിരുന്നു. 1971ലെ സംഘര്‍ഷത്തിനിടെ പാകിസ്താനൊപ്പം ചേര്‍ന്ന് രാജ്യത്തെ എഴുത്തുകാരെയും ഡോക്ടര്‍മാരെയും മാധ്യമപ്രവര്‍ത്തകരെയും കൊലപ്പെടുത്തുന്നതിന് നിസാമി പദ്ധതി തയ്യാറാക്കിയതായി പ്രോസിക്യൂട്ടര്‍ വാദിച്ചു.
2010ല്‍ ശെയ്ഖ് ഹസീന പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ശേഷം രൂപം നല്‍കിയ അന്താരാഷ്ട്ര ട്രൈബ്യൂണല്‍ എന്നു സര്‍ക്കാര്‍ വിളിക്കുന്ന സമിതിയാണ് നിസാമി കുറ്റക്കാരനെന്നു കണ്ടെത്തിയത്. ട്രൈബ്യൂണല്‍ നിരവധി പ്രതിപക്ഷ നേതാക്കളെയാണ് യുദ്ധക്കുറ്റം ചുമത്തി വധശിക്ഷയ്ക്കു വിധിച്ചത്.
Next Story

RELATED STORIES

Share it