ബംഗ്ലാദേശി പെണ്‍കുട്ടികളുടെ മോചനം; എന്‍സിഎച്ച്ആര്‍ഒ മുഖ്യമന്ത്രിക്കും ഡിജിപിക്കും നിവേദനം നല്‍കി

തിരുവനന്തപുരം: മനുഷ്യാവകാശ ലംഘനത്തിന് ഇരയായി കോഴിക്കോട് വെള്ളിമാടുകുന്ന് മഹിളാ മന്ദിരത്തില്‍ കഴിയുന്ന നാലു ബംഗ്ലാദേശി പെണ്‍കുട്ടികളുടെ മോചനത്തിനായി എന്‍സിഎച്ച്ആര്‍ഒ പ്രതിനിധികള്‍ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കും നിവേദനം നല്‍കി.
ബംഗ്ലാദേശ് സ്വദേശികളായ കുസും (മൊയ്‌ന), രൂപാലി (രൂപ), നസറിന്‍ (നാദിയ), രാജകന്യ എന്നിവര്‍ എട്ടു വര്‍ഷമായി മഹിളാ മന്ദിരത്തില്‍ താമസിക്കുകയാണ്. പട്ടിണിയും ദാരിദ്ര്യവും മൂലം വാഗ്ദാനങ്ങളില്‍ പ്രലോഭിതരായാണ് ഇവര്‍ ഇന്ത്യയിലെത്തിയത്. ഇവരില്‍ മൂന്നു പേരുടെ പരാതിയില്‍ മലപ്പുറം കല്‍പകഞ്ചേരി പോലിസ് സ്‌റ്റേഷനിലും ഒരാളുടെ പരാതിയില്‍ പൊന്നാനി പോലിസ് സ്‌റ്റേഷനിലും കേസുണ്ട്. ഇവര്‍ക്ക് നിയമപരമായി വീട്ടില്‍ പോവുന്നതിനു തടസ്സമില്ലെന്ന് മലപ്പുറം ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമോപദേശം നല്‍കിയെങ്കിലും പോലിസിന്റെയും അധികൃതരുടെയും അലംഭാവം കാരണം നാട്ടിലേക്ക് പോവാനാവുന്നില്ലെന്നും നിവേദനത്തില്‍ പറയുന്നു.
കുട്ടികളുടെ ഇപ്പോഴത്തെ അവസ്ഥ അതിദയനീയമാണ്. രക്ഷിതാക്കളുടെ അടുത്തെത്തിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. നടപടി വൈകുന്നത് നീതിനിഷേധത്തിന് തുല്യമാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി, സംസ്ഥാന സമിതിയംഗം എം അജ്മല്‍ എന്നിവരാണ് നിവേദനം നല്‍കിയത്.
Next Story

RELATED STORIES

Share it