ബംഗ്ലാദേശില്‍ രണ്ടുപേര്‍ക്ക് യുദ്ധക്കുറ്റ ട്രൈബ്യൂണല്‍ വധശിക്ഷ വിധിച്ചു

ധക്ക: പാകിസ്താന്‍ സൈന്യത്തിന്റെ അനുബന്ധ സംഘടനയായിരുന്ന റസാക്കര്‍ ബാഹിനിയിലെ അംഗങ്ങളായിരുന്ന രണ്ടുപേര്‍ക്ക് ബംഗ്ലാദേശ് യുദ്ധക്കുറ്റ ട്രൈബ്യൂണല്‍ വധശിക്ഷ വിധിച്ചു. ഉബൈദുല്‍ ഹഖ് തഹെര്‍(66), അതൗര്‍ റഹ്മാന്‍ നോനി (62) എന്നിവര്‍ക്ക് കൊലപാതകവും വംശഹത്യയുമടക്കമുള്ള കുറ്റങ്ങള്‍ക്കാണ് ശിക്ഷ വിധിച്ചത്.
1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധകാലത്ത് പ്രധാനമായും ഹിന്ദുക്കള്‍ക്കെതിരേ നടത്തിയ കുറ്റകൃത്യങ്ങളില്‍ ഇവര്‍ പങ്കാളികളാണെന്ന് ഹസീന സര്‍ക്കാര്‍ രൂപീകരിച്ച ട്രൈബ്യൂണല്‍ വ്യക്തമാക്കി. ആറു കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നെങ്കിലും ഇതില്‍ രണ്ടെണ്ണത്തില്‍ ഇവരെ വെറുതേവിട്ടു. രണ്ടു കുറ്റങ്ങള്‍ക്ക് വധശിക്ഷയും മറ്റു രണ്ടെണ്ണത്തിന് ജീവപര്യന്തം തടവും ട്രൈബ്യൂണല്‍ വിധിക്കുകയായിരുന്നു.
മരണം വരെ തൂക്കിലേറ്റിയോ വെടിവച്ച് കൊലപ്പെടുത്തിയോ വധശിക്ഷ നടപ്പാക്കാമെന്ന് ട്രൈബ്യൂണല്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കി. 1971ല്‍ 30ലധികം പേരെ തട്ടിക്കൊണ്ടുപോവുകയും കൊലപ്പെടുത്തുകയും ചെയ്തതിലും 450ഓളം കടകള്‍ തീവച്ചു നശിപ്പിച്ചതിലും ഇവര്‍ പങ്കാളികളായിരുന്നതായി ട്രൈബ്യൂണല്‍ അറിയിച്ചു. ഇന്നലത്തെ വിധിയോടു കൂടി 22 യുദ്ധക്കുറ്റ കേസുകളിലെ ആകെ 26 പ്രതികളില്‍ 18 പേരെയാണ് ട്രൈബ്യൂണല്‍ വധശിക്ഷയ്ക്കു വിധേയരാക്കിയത്.
Next Story

RELATED STORIES

Share it